പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി: സര്‍ക്കാറിന് കോടികളുടെ നഷ്ടം

മൂന്നാര്‍: നിര്‍മാണപ്രവര്‍ത്തനം നിലച്ചതോടെ പള്ളിവാസല്‍ ജല വൈദ്യുത പദ്ധതിയിലൂടെ സര്‍ക്കാറിന് കോടികളുടെ നഷ്ടം. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിലെ ഉല്‍പാദനശേഷി 37.5ല്‍നിന്ന് 60 മെഗാവാട്ടായി ഉയര്‍ത്തുന്നതിന് തുടങ്ങിയ പദ്ധതി പാതിവഴിയില്‍ മുടങ്ങിയതാണ് വന്‍ നഷ്ടത്തിനിടയാക്കുന്നത്.

2007 മാര്‍ച്ച് ഒന്നിന് ആരംഭിച്ച പദ്ധതി 2011ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. മുംബൈ ആസ്ഥാനമായ എസ്സാര്‍-ഡി.ഇ.സി, സി.പി.പി.എല്‍ കണ്‍സോര്‍ട്യം കരാറെടുത്ത പദ്ധതിക്ക് ഇതിനകം 179 കോടി രൂപ ചെലവായെങ്കിലും 74 ശതമാനം പണി മാത്രമാണ് പൂര്‍ത്തിയായത്. കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ ഉപേക്ഷിച്ച മട്ടാണ്. പ്രധാന നിര്‍മാണപ്രവര്‍ത്തനങ്ങളായ ഇന്‍ടേക്കിന്‍െറയും അനുബന്ധ ടണലിന്‍െറയും പണി തുടങ്ങാനുമായിട്ടില്ല. അത്യാധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ 10 മീറ്റര്‍ ടണല്‍ പൂര്‍ത്തീകരിച്ചിരുന്നു. ടണല്‍ പണി നിര്‍ത്തിവെച്ചിരിക്കുന്നതിനൊപ്പം പവര്‍ ഹൗസ്, പെന്‍സ്റ്റോക്, പ്രഷര്‍ ഷാഫ്റ്റ് നിര്‍മാണത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

വൈദ്യുതി വകുപ്പ് 2003ല്‍ നടത്തിയ വിശദ പഠനത്തിലാണ് മൂന്നാറിലെ ഹെഡ് വര്‍ക്സ് ഡാമില്‍നിന്ന് പാഴാകുന്ന അധികവെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് കണ്ടത്തെിയത്. വെള്ളം തുരങ്കം വഴി പള്ളിവാസല്‍ മലമുകളിലും പെന്‍സ്റ്റോക് പൈപ്പിലൂടെ ചിത്തിരപുരം പവര്‍ ഹൗസിലും എത്തിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തത്. മൂന്നര കി.മീ. ദൂരമുള്ള ടണലാണ് പ്രധാന നിര്‍മാണപ്രവര്‍ത്തനം. പാറനിറഞ്ഞ മലകള്‍ തുരന്നാണ് ടണല്‍ പണിയുന്നത്. ഇന്‍ടേക്ക് എത്തേണ്ട അര കി.മീ. സ്ഥലത്തെ മണ്ണില്‍ ജലാംശവും പാറകളുടെ സാന്നിധ്യവും കൂടുതലായതിനാല്‍ നിര്‍മാണത്തിന് മെച്ചപ്പെട്ട സാങ്കേതികസംവിധാനങ്ങള്‍ ആവശ്യമാണ്.

പ്രവര്‍ത്തന തടസ്സം കണ്ടത്തെുന്നതിന് ഇ. ശ്രീധരനെപ്പോലെയുള്ള വിദഗ്ധര്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. നിര്‍മാണപ്രവര്‍ത്തനം നിലച്ചതോടെ  യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു. പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നതിന് ഒരു സര്‍ക്ക്ളും രണ്ട് ഡിവിഷന്‍ ഓഫിസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് പ്രതിമാസം 40 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.