ആയുധമാക്കാന്‍ കഴിയുമെന്നതിനാലാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് കെ.ആര്‍. മീര

കോട്ടയം: അസഹിഷ്ണുതക്കെതിരായ പോരാട്ടത്തില്‍ അവാര്‍ഡ് ആയുധമാക്കാന്‍ കഴിയുമെന്നതിനാലാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് കെ.ആര്‍. മീര. രാജ്യത്ത് അസഹിഷ്ണുതയുടെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന എഴുത്തുകാരന്‍ കെ.എസ്. ഭഗവാന്‍െറ നിര്‍ദേശപ്രകാരമാണ് താന്‍ അവാര്‍ഡ് നിഷേധിക്കാതെ ഏറ്റുവാങ്ങാന്‍ തീരുമാനിച്ചതെന്നും അവര്‍ കോട്ടയം പ്രസ് ക്ളബിന്‍െറ ‘മീറ്റ് ദ പ്രസില്‍’ പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അപ്രതീക്ഷിതമായിരുന്നു. അതിനാല്‍ രാജ്യത്തെ പ്രമുഖ എഴുത്തുകാരെല്ലാം അവാര്‍ഡ് നിരസിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന കാലത്ത് താനെങ്ങനെ അവാര്‍ഡ് വാങ്ങുമെന്ന  ആശങ്കയുണ്ടായി. ഈ സമയം ഫാഷിസത്തിന്‍െറ ഭീഷണി നേരിടുന്ന കെ.എസ്. ഭഗവാനെ വിളിച്ചു. നിങ്ങളെ പോലെയുള്ള പുതിയ എഴുത്തുകാര്‍ അവാര്‍ഡ് നിരസിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്.
വരും കാലത്ത് കൂടുതല്‍ ശക്തമായി പ്രതികരിക്കാനുള്ള ആയുധമായി ഈ അവാര്‍ഡിനെ കാണണം. ഈ അംഗീകാരം നിങ്ങള്‍ക്ക് വലിയ ശബ്ദത്തോടെ പ്രതിഷേധിക്കാന്‍ കഴിവ് നല്‍കും. നിങ്ങളുടെ വാക്കുകള്‍ കൂടുതല്‍ പേര്‍ ശ്രദ്ധിക്കാനും അവാര്‍ഡ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മതേതര മൂല്യങ്ങളുള്ള ജൂറി അംഗങ്ങളാണ് തനിക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. പുസ്തകത്തിനാണ് അവാര്‍ഡ്. അതിനാല്‍ ഏഴുത്തുകാരിക്ക് നിഷേധിക്കാന്‍ അവകാശമില്ല. ഇതൊക്കെ കണക്കിലെടുത്താണ് അവാര്‍ഡ് വാങ്ങാന്‍ തീരുമാനിച്ചത്. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുക തന്നെയാണ്. എഴുത്തിലൂടെ ഇനിയും ഇതിനെതിരെ പ്രതികരിക്കുമെന്നും കെ.ആര്‍. മീര പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.