കൊച്ചി: മനുഷ്യസംഗമ വേദിയില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്കെതിരെ പ്രതിഷേധം. ബേബി പ്രസംഗിക്കാന്‍ എഴുന്നേറ്റ സമയത്ത് ഇതും ഫാസിസമാണ്'എന്ന് എഴുതിയ പ്ളക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടിയാണ് പത്തോളം വരുന്ന ആര്‍.എം.പി യൂത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിക്കാതെ നിശബ്ദ പ്രതിഷേധമാണ് ഇവര്‍ നടത്തിയത്. ഇതിനിടെ ബേബി പ്രസംഗം ആരംഭിച്ചു.

ഫാസിസ്റ്റ് ഭീഷണിക്കെതിരെയുള്ള പോരാട്ടത്തില്‍ സി.പി.എമ്മും ചിലകാര്യങ്ങളില്‍ ആത്മവിമര്‍ശനവും തിരുത്തലുകളും നടത്തേണ്ടതുണ്ടെന്ന് ബേബി പറഞ്ഞു.  ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ അവിഭാജ്യഭാഗമായി ഇടതുപക്ഷം പരിണമിക്കുമ്പോള്‍ ചിലകാര്യങ്ങളില്‍ ആത്മവിമര്‍ശനവും തിരുത്തലുകളും നടത്തേണ്ടതുണെന്നും ചൂണ്ടിക്കാണിക്കുകയാണ്. ഇത് ഇടത് പക്ഷത്തിന്‍െറ മാത്രമായ വേദികളില്‍ നേരത്തെ തന്നെ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം താന്‍ മാത്രമായി പറഞ്ഞിട്ടുള്ളതല്ല. സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും വ്യക്തമാക്കിയിട്ടുണ്ട്.

ഇടതുപക്ഷത്തിന് പ്രയോഗികമായി എവിടെയാണ് തെറ്റ് പറ്റിയതെന്ന് തിരിച്ചറിയേണ്ടതുണ്ട്. സാര്‍വ്വ ദേശീയ തലത്തില്‍ കംമ്പോഡിയയിലെ പോള്‍പോട്ടിന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍െറ ചെയ്തികള്‍ ലോകത്താകെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് എതിരായി അണിനിരന്നവര്‍ക്ക് സഹായകരമാവുകയാണുണ്ടായതെന്നും എം.എ.ബേബി ചൂണ്ടിക്കാട്ടി. വിയോജിപ്പുകള്‍ വ്യക്തികള്‍ തമ്മിലും സംഘടനകള്‍ തമ്മിലും ഉണ്ടാകാറുണ്ട്. എന്നാല്‍ വിയോജിപ്പുള്ളവരെയെല്ലാം ഉപേക്ഷിക്കുക എന്നത് അപകടമാണെന്നും സ്വയം തിരുത്താന്‍ സമൂഹത്തിലും സംഘടനകളും വ്യക്തികളും ആന്തരികസമരം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാസിസം എന്ന പദം ഇപ്പോള്‍ ഒരു ശകാരപദമായി മാറിയിട്ടുണ്ട്. എന്നാല്‍ നിരുത്തരവാദിത്വപരമായി ഉപയോഗിക്കാവുന്ന പദമല്ല ഫാസിസമെന്നും ഇന്ത്യയില്‍ ഫാസിസം വന്നു കഴിഞ്ഞോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചോര്‍ന്ന് പോയികൊണ്ടിരിക്കുന്ന സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണ് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്നത്. പരിസ്ഥിതി പ്രശ്നങ്ങളില്‍ ഇടതുപക്ഷത്തോടൊപ്പം സഹകരിക്കുന്നയാളെ അദ്ധ്യക്ഷനായി നിയോഗിച്ച ബി.ജെ.പി. അദ്ദേഹത്തിന്‍െറ മുന്‍കാലങ്ങളിലെ തീവ്ര നിലപാടുകളാണ് പരിഗണിക്കുന്നത്. രാജ്യത്ത് സ്വാധീനം വീണ്ടെടുക്കാന്‍ കൂടുതല്‍ ഭീകരമായ വര്‍ഗീയ വിഭജനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അവര്‍ വഴിവെച്ചേക്കാമെന്നും എം.എ.ബേബി പറഞ്ഞു. രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതക്കും മത, വര്‍ഗീയ ഫാഷിസ്റ്റ് പ്രവണതക്കുമെതിരെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായാണ് കൊച്ചിയില്‍ മനുഷ്യ സംഗമം സംഘടിപ്പിച്ചത്. വിവിധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിനത്തെി.
 

ഇന്ന് രാവിലെ 10ന് ഡോ. പി.എം. ഭാര്‍ഗവയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സച്ചിതാനന്ദന്‍, ആനന്ദന്‍, സി.കെ ജാനു, ലീന മണിമേഖല തുടങ്ങിയവരും ചടങ്ങിനത്തെിയിരുന്നു. പൊതുസമ്മേളനം, എല്ലാരും ചേര്‍ന്നാട്ടം ,ഗസല്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.