കാലിക്കറ്റിലെ പെണ്‍സുരക്ഷ: പരാതിക്കാര്‍ക്കെതിരെ സെനറ്റ് പ്രമേയം

തേഞ്ഞിപ്പലം: പെണ്‍സുരക്ഷയെക്കുറിച്ച് യു.ജി.സിക്കും ഗവര്‍ണര്‍ക്കും ഹൈകോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് പ്രമേയം. എം.എസ്.എഫ് അംഗം അവതരിപ്പിച്ച പ്രമേയം കെ.എസ്.യു ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ എതിര്‍പ്പോടെ വോട്ടിനിട്ട് പാസാക്കി. വിദ്യാര്‍ഥിനികളെ അപമാനിക്കുന്ന നടപടിയെന്നാരോപിച്ച് യോഗം കഴിഞ്ഞിറങ്ങിയ രജിസ്ട്രാറെ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു.

എം.എസ്.എഫ് അംഗം ഫാത്തിമ തഹ്ലിയയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസിനും വ്യാജപരാതിയാണ് ആറ് വിദ്യാര്‍ഥിനികള്‍ നല്‍കിയതെന്നും ഇത്തരമൊരു സംഭവമേ കാമ്പസിലുണ്ടായില്ളെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫിലെ അഡ്വ. എം. രാജന്‍, ഡോ. എം. ഉസ്മാന്‍, ഡോ. വി.എച്ച്. അബ്ദുസ്സലാം, പി.കെ. നവാസ് എന്നിവരും നടപടി ആവശ്യപ്പെട്ട് രംഗത്തത്തെി.

പ്രമേയത്തിനെതിരെ എസ്.എഫ്.ഐക്കൊപ്പം കെ.എസ്.യു അംഗങ്ങളും പരസ്യമായി രംഗത്തത്തെി. മുദ്രാവാക്യം വിളികളുമായി ഇവര്‍ സെനറ്റ് ഹാളിന്‍െറ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പെണ്‍കുട്ടികളെ അപമാനിക്കുന്ന പ്രമേയമാണിതെന്നും റാഗിങ്ങിന് ഇരയായവരുടെ പേര് വെളിപ്പെടുത്തരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായും ഇവര്‍ പറഞ്ഞു. ബഹളമയമായതോടെ അധ്യക്ഷനായ വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ പ്രമേയം വോട്ടിനിട്ട് പാസാക്കുന്നതായി പ്രഖ്യാപിച്ച് യോഗനടപടികള്‍ അവസാനിപ്പിച്ചു. പുറത്തേക്കിറങ്ങിയ രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദിന്‍െറ കാറിനു മുന്നില്‍ എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ തടസ്സം തീര്‍ത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ സജിത്ത് സോമന്‍, എ.കെ. ബിജിത്ത്, കെ. ദീപക്, കെ.എസ്.യു പ്രവര്‍ത്തകരായ പി. റംഷാദ്, കെ.ജെ. യദുകൃഷ്ണ എന്നിവരെ പൊലീസത്തെി നീക്കിയശേഷമാണ് രജിസ്ട്രാര്‍ക്ക് കടന്നുപോകാനായത്. പെണ്‍സുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ വായമൂടിക്കെട്ടിയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ യോഗത്തിനത്തെിയത്.

വിദ്യാര്‍ഥിനികളുടെ പരാതിയില്‍ അന്വേഷണം നടക്കുകയും കേസെടുക്കുകയും ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം വി.സി അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ പരാതിക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയത് വിവാദമായി. വി.സിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ആറ് വിദ്യാര്‍ഥിനികള്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. സെനറ്റിലെ ഇടതംഗങ്ങള്‍ വി.സിയെ കണ്ട് പ്രതിഷേധമറിയിക്കുകയും ചെയ്തു.അതേസമയം, വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയെടുക്കില്ളെന്നും സെനറ്റ് പ്രമേയം സാങ്കേതികം മാത്രമാണെന്നും വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.