പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തൊഴിലുറപ്പ് നിയമത്തിലെ പുതിയ ഭേദഗതി ബില്ലിൽ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കലും അധിക സാമ്പത്തിക ബാധ്യതയുമടക്കം കേരളത്തിന് ഇരട്ടപ്രഹരം. സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്ന ഏറ്റവും വലിയ കേന്ദ്ര പദ്ധതിയാണ് തൊഴിലുറപ്പ്. കർശന വ്യവസ്ഥകളുണ്ടെങ്കിലും പ്രതിവർഷം 4000 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നത്. പുതിയ ദേഭഗതി ബില്ലിലെ സെക്ഷൻ 22(2) പ്രകാരം പ്രകാരം മൊത്തം ചെലവിന്‍റെ 40 ശതമാനം സംസ്ഥാന വഹിക്കണം. ഇതനുസരിച്ച് 1600 കോടി പ്രതിവർഷം കേരളം വഹിക്കണം.
അതേസമയം, വ്യവസ്ഥകളും മാനദണ്ഡങ്ങളും തീരുമാനിക്കുന്നത് കേന്ദ്രം തന്നെയാവും. സംസ്ഥാനത്തിന് ഒരു റോളുമുണ്ടാവില്ല. തൊഴിലുറപ്പ് പദ്ധതിയുടെ ആശയങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതും തൊഴിൽ നൽകുകയെന്ന ചുമതലയിൽനിന്ന് പൂർണമായും കൈയൊഴിയുന്നതുമായ പുതിയ ബില്ലാണ് കേന്ദ്രം തയാറാക്കിയിരിക്കുന്നത്. തൊഴിലിനുളള അവകാശം എന്നതിൽനിന്ന് കേന്ദ്രം നിർദേശിക്കുന്ന ‘ടാർഗറ്റിനും ലേബർ ബജറ്റിനും’ അനുസൃതമായി തൊഴിൽ നൽകുന്ന രീതിയിലേക്ക് പദ്ധതി മാറുമെന്നതാണ് പ്രത്യാഘാതം.
പുതിയ നിയമത്തിലെ സെക്ഷൻ 4(5), 22(4) പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ഒരു സാമ്പത്തിക വര്‍ഷത്തെ വിഹിതം വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും. ഇതിനുമേലെ വരുന്ന ചെലവ് സംസ്ഥാനം വഹിക്കണം. 2022-23, 2023-24, 2024-25 വര്‍ഷങ്ങളില്‍ കേന്ദ്രം ആറ് കോടി തൊഴില്‍ ദിനങ്ങള്‍ വീതമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാല്‍ 2022-23, 2023-24, 2024-25 വര്‍ഷങ്ങളില്‍ യഥാക്രമം 9.65, 9.94, 9.07 കോടി തൊഴില്‍ ദിനങ്ങള്‍ വീതമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്.
ഇനി ഇപ്രകാരം അധികമായി സൃഷ്ടിക്കുന്ന തൊഴില്‍ ദിനങ്ങളുടെ ബാധ്യത സംസ്ഥാനത്തിനാകും. നിലവിലെ കണക്ക് മുൻനിർത്തുമ്പോൾ ഏതാണ്ട് 1400 കോടി രൂപയുടെ തൊഴിൽ ദിനങ്ങൾ കേരളം അധികമായി സൃഷ്ടിക്കുന്നുണ്ട്. തൊഴില്‍ ആവശ്യപ്പെട്ടെങ്കിലും 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നല്‍കണമെന്ന വ്യവസ്ഥ സെക്ഷന്‍ 11(1) പ്രകാരം നിലവിലെ നിയമത്തിലുണ്ട്. മാത്രമല്ല, വേതനം വൈകുന്നതിന് നഷ്ടപരിഹാരവുമുണ്ട്. എന്നാൽ, ഇവ പൂർണമായും സംസ്ഥാനം നൽകണമെന്നാണ് പുതിയ ദേഭഗതി.
തൊഴിൽദിനങ്ങൾ 100ൽനിന്ന് 125 ആക്കി ഉയർത്തുമെന്ന് ദേഭഗതികളിൽ നിർദേശിക്കുന്നുണ്ടെങ്കിലും ഇതിനും കർശന ഉപാധികളാണ്. കേന്ദ്രസർക്കാർ നോട്ടിഫൈ ചെയ്യുന്ന ഗ്രാമീണമേഖലകളിൽ 125 ദിവസത്തെ തൊഴിൽ നൽകും എന്നാണ് സെക്ഷൻ 5(1) പറയുന്നത്. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നോട്ടിഫൈ ചെയ്യപ്പെടണമെന്നില്ല. ഏതൊക്ക പഞ്ചായത്തില്‍ വേണം എന്നത് കേന്ദ്രം തീരുമാനിക്കും.
പുതിയ നിയമത്തിലെ ഈ വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ എപ്രകാരം ഉപയോഗിക്കും എന്നത് കണ്ടറിയണം. കാർഷിക സീസണുകളിൽ പ്രവൃത്തി നടത്തരുതെന്നാണ് മറ്റൊരു വ്യവസ്ഥ. വിത്തുവിതയ്ക്കൽ-വിളകൊയ്യൽ സീസണുകളിൽ 60 ദിവസം വരെ ഇങ്ങനെ തൊഴിൽ ഒഴിവാക്കാമെന്നുമുള്ള നിർദേശമാണ് മറ്റൊന്ന്. പരമാവധി പദ്ധതി നടപ്പാക്കാതിരിക്കാനുള്ള നിർദേശങ്ങളാണ് ഇവയെന്നാണ് സർക്കാർ വിമർശനം.
തിരുവനന്തപുരം: കേന്ദ്രസർക്കാറിന്‍റെ തൊഴിലുറപ്പ് നിയമഭേദഗതി ഹൃദയശൂന്യവും ക്രൂരവുമെന്ന് മന്ത്രി എം.ബി. രാജേഷ്. പേരുമാറ്റൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഉപജീവനത്തിന് നേരെയുള്ള യുദ്ധപ്രഖ്യാപനം കൂടിയാണിത്. വെടിയേറ്റ് വീഴുമ്പോൾ ഗാന്ധിജി ഉച്ഛരിച്ച ‘റാം’ അല്ല നരേന്ദ്രമോദി കൊണ്ടുവന്ന ‘വിബിജിറാം-ജി’പദ്ധതിയിലെ റാം. തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 40.42 ലക്ഷം കുടുംബങ്ങളിലായി 59.4 ലക്ഷം തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിൽ 19.37 ലക്ഷം സജീവ കുടുംബങ്ങളാണ്. ഇതിലെല്ലാം കൂടി 22.61 ലക്ഷം തൊഴിലാളികൾ ഉണ്ട്. ഭൂരിഭാഗവും സ്ത്രീകളാണ്. ഇവരുടെ ഉപജീവനം മുട്ടിക്കുന്ന നടപടി സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷമാകട്ടെ, പേര് മാറ്റത്തെ പ്രശ്നവത്കരിക്കുന്നതല്ലാതെ ദേഭഗതി വ്യവസ്ഥകളിലെ അപകടം കാണുന്നില്ല.
ഇത്രയും ഗുരുതര പ്രശ്നമുണ്ടായിട്ടും കേരളത്തിലുള്ള എം.പിമാർ ഡൽഹിയിൽ വട്ടത്തിൽ നിന്ന് പാരഡി പാട്ടുപാടിയ അശ്ലീലത്തിനാണ് കേരളം സാക്ഷിയായത്. ‘പദ്ധതി നിങ്ങൾ അട്ടിമറിച്ചോ, പക്ഷേ പേര് നിലനിർത്തണമെന്നാണ്’ കോൺഗ്രസ് പറയുന്നത്. ഇത് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ്. പേരു നിലനിർത്താനും എന്നാൽ നിയമഭേദഗതി നടപ്പാക്കാനും കേന്ദ്രം തീരുമാനിച്ചാൽ എന്താകും കോൺഗ്രസ് നിലപാട്- രാജേഷ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.