കണ്ണൂർ: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽനിന്ന് മഹാത്മാഗാന്ധിയെ വെട്ടി വി.ബി-ജി- റാം-ജി (വികസിത് ഭാരത് - ഗാരൻറി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)) എന്നാക്കിയതിനെതിരെ എഴുത്തുകാരി സുധ മേനോൻ. ഏറ്റവും ജനപ്രിയവും നൈതികവുമായ ഒരു പദ്ധതിയിൽ നിന്ന് അകാരണമായി ഗാന്ധിജിയെ വലിച്ചെറിഞ്ഞുകൊണ്ട് ഭരണകൂടം തങ്ങളുടെ സ്ഥാനവും പക്ഷവും എവിടെയാണ് എന്ന് കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നതായി അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഇവിടെ നമ്മൾ നിശബ്ദരാകരുതെന്നും സാധ്യമായ എല്ലാ ഇടങ്ങളിലും പ്രതിഷേധിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. ‘താൻ നൂറ്റ നൂലിനാൽ ഉലകം പുതക്കുന്ന സൂര്യന്റെ വിരലിൽ വരെ ഗാന്ധിജി ഉയിർക്കും എന്ന് കവി പാടിയത് നമ്മൾ സാർത്ഥകമാക്കേണ്ട സമയമാണിത്.. ഒന്നിച്ചു നിന്ന് നമുക്ക് നമ്മുടെ ബാപ്പുവിനെ വീണ്ടെടുക്കാം’ -സുധാമേനോൻ കുറിച്ചു.
‘എത്ര ഉറപ്പിച്ചിട്ടും ഉറക്കാതെ പോയ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ‘ഭിത്തി’ ഒടുവിൽ ഉറച്ചത് ബാപ്പുവിന്റെ രക്തസാക്ഷിത്വം കൂടി അതിൽ ചേർന്നുപോയതുകൊണ്ടായിരുന്നു എന്ന് നമ്മൾ മറന്നു പോകരുത്.
പക്ഷേ, എന്നിട്ടും അവർക്ക് മതിയായില്ല.. എത്ര തവണയാണ് ഗാന്ധിജി സ്വതന്ത്രഇന്ത്യയിൽ കൊല്ലപ്പെട്ടത്?
ഗോഡ്‌സെയെ സ്വാതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി എന്ന് വിളിച്ച കമലഹാസനു നേരെ ചെരുപ്പ് എറിഞ്ഞു! ഗോഡ്സെയെ മഹാനായ ദേശസ്നേഹി എന്ന് വിളിച്ച പ്രഗ്യസിംഗ് നിയമനിർമ്മാണസഭയിൽ അംഗമായി!
മീററ്റിലും സീതാപ്പൂരിലും, മധ്യപ്രദേശിലെ ഗ്വാളിയറിലും ഗോഡ്സെക്ക് അമ്പലങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി! ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറിയായ പൂനം ശകുൻ പാണ്ഡേ കൃത്രിമത്തോക്ക് ഉപയോഗിച്ച് ഗാന്ധിജിയുടെ പ്രതിരൂപത്തിന് നേരെ വെടിയുതിർത്തു!
ഗുജറാത്തിലെ വൽസാഡ് ജില്ലയിൽ സ്കൂൾ കുട്ടികൾക്കായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പ്രസംഗമൽസരത്തിൽ ‘ഗോഡ്സെ എന്റെ മാതൃകാ പുരുഷൻ’ എന്നത് മൂന്നു വിഷയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കുകയും, ആ വിഷയത്തെ ആസ്പദമാക്കി പ്രസംഗിച്ച കുട്ടിക്ക് ഒന്നാം സമ്മാനം നൽകുകയും ചെയ്തു!
ഗാന്ധിസമാധാനപുരസ്കാരത്തിനായി ഗോരഖ്പൂരിലെ ഗീതാപ്രസ്സിനെ പ്രധാനമന്ത്രി അംഗമായ കമ്മിറ്റി തന്നെ തിരഞ്ഞെടുത്തു! ഗാന്ധി വധത്തെത്തുടർന്ന് രാജ്യമെമ്പാടും അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുമഹാസഭാ പ്രവർത്തകരിൽ ഗീതാ പ്രസ്സിന്റെ ഉടമസ്ഥർ ആയ ഹനുമാൻ പ്രസാദ് പൊദ്ദാറും, ജയ് ജയാൽ ഗോയങ്കയും ഉൾപ്പെട്ടിരുന്നു!
സോഷ്യൽ മീഡിയയിൽ നിരന്തരമായി ഗാന്ധി പരിഹസിക്കപ്പെടുന്നു. ഗോഡ്‌സെ വിപ്ലവകാരിയാകുന്നു...
മഹമൂദ് ഗസ്നിയുടെ പടയോട്ടത്തെ ഓർമിപ്പിക്കുന്ന വിധത്തിൽ വീണ്ടും വീണ്ടും ബാപ്പുവിന്റെ ഓർമ്മകൾക്ക് മുകളിൽ പുച്ഛത്തിന്റെ, അവഹേളനത്തിന്റെ വെടിയുണ്ടകൾ പായിച്ചുകൊണ്ട് കഠിനമായ വെറുപ്പിന്റെ പടയോട്ടം നടത്തുകയാണ് ഹിന്ദുത്വവർഗീയവാദികൾ!’ -സുധാമേനോൻ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ആധുനികചരിത്രത്തിൽ മഹാത്മാഗാന്ധിയുടെ സാർവലൌകികമായ പ്രസക്തിക്ക് കാരണം അദ്ദേഹത്തിന്റെ അനിതരസാധാരണമായ ജീവിതവും, പ്രവർത്തനവും, സന്ദേശവും മാത്രമായിരുന്നില്ല. ഹൃദയഭേദകമായ ആ രക്തസാക്ഷിത്വം കൂടിയായിരുന്നു.
വെറുപ്പിന്റെ വെടിയുണ്ടകളെ അവയുടെ അതീവമാരകമായ സഞ്ചാരപഥത്തിൽ നിന്നും സ്വന്തം നെഞ്ചിൽ ഏറ്റുവാങ്ങി, വിദ്വേഷത്തിന്റെയും വർഗീയലഹളകളുടെയും വ്യാപനത്തെ തടഞ്ഞുനിർത്തിയത് ബാപ്പുവിന്റെ രക്തസാക്ഷിത്വമാണ്. മതാത്മകവും വംശീയവുമായ ദേശീയതാസങ്കൽപ്പങ്ങളെ ശ്രദ്ധാപൂർവം പിഴുതുമാറ്റി, ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽ ബഹുസ്വരവും,സാമ്രാജ്യത്വവിരുദ്ധവും, മതനിരപേക്ഷവുമായ ദേശീയബോധം നട്ടുവളർത്തിയ ആ മനുഷ്യനായിരുന്നു ഭൂരിപക്ഷവർഗീയതയുടെ ഏറ്റവും വലിയ ശത്രു. ദേശീയപ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തമായ സാമൂഹ്യമൂലധനമാകട്ടെ, ഇന്ത്യൻ ജനതയ്ക്കു മുകളിലുള്ള ഗാന്ധിജിയുടെ ധാർമ്മികസ്വാധീനമായിരുന്നു.
അതുകൊണ്ടുതന്നെ ഗാന്ധിവധത്തിലൂടെ രാഷ്ട്രീയഹിന്ദുത്വം ലക്ഷ്യമിട്ടത് ഇന്ത്യയെന്ന മതേതര ദേശരാഷ്ട്രനിർമ്മിതിയുടെ സമ്പൂർണ്ണ തകർച്ചയായിരുന്നു. പക്ഷേ, ആ പ്രതീക്ഷയുടെ നേർവിപരീതമാണ് പിന്നീട് നടന്നത്. ഗാന്ധിജിയുടെ നിഷ്ഠൂരമായ വധം ജാതിമതദേശഭേദമില്ലാതെ ഇന്ത്യൻ ജനതയുടെ ഹൃദയം തകർക്കുകയും അവരെ ഒന്നിപ്പിക്കുകയും ചെയ്തു.
കുതിച്ചുപായുന്ന വർഗീയതയുടെ തീവണ്ടിയെ തന്റെ ദുർബലമായ നെഞ്ചിൻകൂടിനാൽ നിശ്ചലമാക്കിയ ബാപ്പുവിന്റെ ഓർമയിൽ വർഗീയരാഷ്ട്രീയത്തിന്റെ വിഭിന്ന വകഭേദങ്ങളെ ഇന്ത്യൻജനത തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഓരങ്ങളിലേക്ക് തള്ളി. ഓഎൻവിക്കവിതയിലെ ‘ഒൻപത് കൽപ്പണിക്കാർ പണിത പെരുംകോട്ടയുടെ കഥ’ പോലെ എത്ര ഉറപ്പിച്ചിട്ടും ഉറക്കാതെ പോയ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ‘ഭിത്തി’ ഒടുവിൽ ഉറച്ചത് ബാപ്പുവിന്റെ രക്തസാക്ഷിത്വം കൂടി അതിൽ ചേർന്നുപോയതുകൊണ്ടായിരുന്നു എന്ന് നമ്മൾ മറന്നു പോകരുത്.
പക്ഷേ, എന്നിട്ടും അവർക്ക് മതിയായില്ല.. എത്ര തവണയാണ് ഗാന്ധിജി സ്വതന്ത്രഇന്ത്യയിൽ കൊല്ലപ്പെട്ടത്?
ഗോഡ്‌സെയെ സ്വാതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി എന്ന് വിളിച്ച കമലഹാസനു നേരെ ചെരുപ്പ് എറിഞ്ഞു!
ഗോഡ്സെയെ മഹാനായ ദേശസ്നേഹി എന്ന് വിളിച്ച പ്രഗ്യസിംഗ് നിയമനിർമ്മാണസഭയിൽ അംഗമായി!
മീററ്റിലും സീതാപ്പൂരിലും, മധ്യപ്രദേശിലെ ഗ്വാളിയറിലും ഗോഡ്സെക്ക് അമ്പലങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി!
ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറിയായ പൂനം ശകുൻ പാണ്ഡേ കൃത്രിമത്തോക്ക് ഉപയോഗിച്ച് ഗാന്ധിജിയുടെ പ്രതിരൂപത്തിന് നേരെ വെടിയുതിർത്തു!
ഗുജറാത്തിലെ വൽസാഡ് ജില്ലയിൽ സ്കൂൾ കുട്ടികൾക്കായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പ്രസംഗമൽസരത്തിൽ ‘ഗോഡ്സെ എന്റെ മാതൃകാ പുരുഷൻ’ എന്നത് മൂന്നു വിഷയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കുകയും, ആ വിഷയത്തെ ആസ്പദമാക്കി പ്രസംഗിച്ച കുട്ടിക്ക് ഒന്നാം സമ്മാനം നൽകുകയും ചെയ്തു!
ഗാന്ധിസമാധാനപുരസ്കാരത്തിനായി ഗോരഖ്പൂരിലെ ഗീതാപ്രസ്സിനെ പ്രധാനമന്ത്രി അംഗമായ കമ്മിറ്റി തന്നെ തിരഞ്ഞെടുത്തു! ഗാന്ധി വധത്തെത്തുടർന്ന് രാജ്യമെമ്പാടും അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുമഹാസഭാ പ്രവർത്തകരിൽ ഗീതാ പ്രസ്സിന്റെ ഉടമസ്ഥർ ആയ ഹനുമാൻ പ്രസാദ് പൊദ്ദാറും, ജയ് ജയാൽ ഗോയങ്കയും ഉൾപ്പെട്ടിരുന്നു!
സോഷ്യൽ മീഡിയയിൽ നിരന്തരമായി ഗാന്ധി പരിഹസിക്കപ്പെടുന്നു. ഗോഡ്‌സെ വിപ്ലവകാരിയാകുന്നു...
മഹമൂദ് ഗസ്നിയുടെ പടയോട്ടത്തെ ഓർമിപ്പിക്കുന്ന വിധത്തിൽ വീണ്ടും വീണ്ടും ബാപ്പുവിന്റെ ഓർമ്മകൾക്ക് മുകളിൽ പുച്ഛത്തിന്റെ, അവഹേളനത്തിന്റെ വെടിയുണ്ടകൾ പായിച്ചുകൊണ്ട് കഠിനമായ വെറുപ്പിന്റെ പടയോട്ടം നടത്തുകയാണ് ഹിന്ദുത്വവർഗീയവാദികൾ!
ഇന്നിപ്പോൾ ഏറ്റവും ജനപ്രിയവും നൈതികവുമായ ഒരു പദ്ധതിയിൽ നിന്ന് അകാരണമായി ഗാന്ധിജിയെ വലിച്ചെറിഞ്ഞുകൊണ്ട് ഭരണകൂടം തങ്ങളുടെ സ്ഥാനവും പക്ഷവും എവിടെയാണ് എന്ന് കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു...
പ്രിയപ്പെട്ടവരെ ഇവിടെ നമ്മൾ നിശബ്ദരാകരുത്...
സാധ്യമായ എല്ലാ ഇടങ്ങളിലും നമ്മൾ പ്രതിഷേധിക്കണം. ‘താൻ നൂറ്റ നൂലിനാൽ ഉലകം പുതക്കുന്ന സൂര്യന്റെ വിരലിൽ വരെ ഗാന്ധിജി ഉയിർക്കും’ എന്ന് കവി പാടിയത് നമ്മൾ സാർത്ഥകമാക്കേണ്ട സമയമാണിത്.. ഒന്നിച്ചു നിന്ന് നമുക്ക് നമ്മുടെ ബാപ്പുവിനെ വീണ്ടെടുക്കാം ❤️
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.