മൈക്രോ ഫിനാൻസ് തട്ടിപ്പ് ലോക്സഭയിൽ; അന്വേഷണം വേണമെന്ന് എ. സമ്പത്ത്

ന്യൂഡൽഹി: എസ്.എന്‍.ഡി.പിയുടെ മൈക്രോ ഫിനാൻസ് തട്ടിപ്പിനെകുറിച്ച് അന്വേഷണം വേണമെന്ന് എ. സമ്പത്ത് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്. വ്യാഴാഴ്ച വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് എ. സമ്പത്ത് നോട്ടീസ് നല്‍കിയിരുന്നു. സ്പീക്കർ സുമിത്ര മഹാജൻ അവതരണാനുമതി നൽകിയില്ല. എന്നാൽ, പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിന്നീട് അവതരിപ്പിക്കാമെന്ന് സ്പീക്കർ ഉറപ്പു നൽകി.

തട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് സമ്പത്ത് വിഷയം ലോക്‌സഭയിൽ ഉന്നയിച്ചത്. ഇതോടെ ആരോപണത്തിന് രാജ്യത്താകമാനം ശ്രദ്ധ ലഭിക്കുമെന്നാണ് വിലയിരുത്തൽ. പിന്നോക്ക വികസന ബാങ്കില്‍ നിന്നടക്കം ചുരുങ്ങിയ പലിശക്ക് പണമെടുത്ത് മൈക്രോ ഫിനാന്‍സിന്‍റെ മറവില്‍ വന്‍ പലിശക്ക് സമുദായ അംഗങ്ങള്‍ക്ക് മറിച്ച് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.  

ഇതിനിടെ, മൈക്രോ ഫിനാന്‍സ് കേസ് ഒത്തുതീര്‍പ്പാക്കുവാന്‍ എസ്.എൻ.ഡി.പി അടൂര്‍ യൂണിയന്‍ നീക്കം നടത്തി. ബാങ്കില്‍ അടക്കേണ്ട തുകയായ 2.21 കോടി രൂപ തിരിച്ചടക്കാമെന്ന് കാട്ടി അടൂര്‍ യൂണിയന്‍ കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് പദ്ധതിക്കായി രണ്ട് ശതമാനം പലിശക്കെടുത്ത 15 കോടി രൂപ 12 ശതമാനം പലിശക്ക് ജനങ്ങള്‍ക്ക് വിതരണം ചെയ്തതെന്നും ഈ തുകയില്‍ 10 ശതമാനം മാത്രമേ വായ്പയായി നല്‍കിയിട്ടുള്ളുവെന്നും ആണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.