ബില്‍ ചര്‍ച്ചക്കിടയില്‍ മന്ത്രിസഭാ യോഗം; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

തിരുവനന്തപുരം: മലയാള ഭാഷാ ബില്ലില്‍ നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മന്ത്രിസഭായോഗം ചേര്‍ന്നെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. റിയല്‍ എസ്റ്റേറ്റ് ബില്ലിന്‍െറ ചര്‍ച്ച നടക്കുമ്പോള്‍ സഭയില്‍ ഹാജരായിരുന്ന മന്ത്രിമാര്‍ മലയാള ഭാഷാ ബില്ലിന്‍െറ ചര്‍ച്ചയില്‍ വിട്ടുനിന്നത്, സര്‍ക്കാര്‍ കച്ചവടത്തിന് പ്രാധാന്യം നല്‍കുന്നതിന്‍െറ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രധാനപ്പെട്ട മലയാള ഭാഷ, പ്രവാസി ബില്ലുകള്‍ ചര്‍ച്ച നടത്താതെ എങ്ങനെയും പാസാക്കാനുള്ള വ്യഗ്രതയാണ് സര്‍ക്കാറിന്. ഈ ബില്ലുകളുടെ ഗൗരവം കണക്കിലെടുത്താണ് പ്രതിപക്ഷം രാത്രി വൈകിയും സഭയിലിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം, മന്ത്രിസഭായോഗം നടക്കുന്നെന്ന് തനിക്കറിയില്ളെന്ന് സഭയിലുണ്ടായിരുന്ന മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ബില്‍ അവതരിപ്പിച്ച മന്ത്രിയുടെ സാന്നിധ്യം മാത്രമേ സഭയില്‍ ആവശ്യമുള്ളൂവെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. ഇതിനിടെ രമേശ് ചെന്നിത്തല അടക്കം അഞ്ച് മന്ത്രിമാര്‍ വേഗം സഭയിലേക്ക് കടന്നുവന്നു. സഭ നടക്കുമ്പോള്‍ മന്ത്രിസഭായോഗം ചേരരുതെന്ന് ചട്ടമില്ളെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചത് വീണ്ടും ബഹളത്തിനിടയാക്കി. മന്ത്രിസഭായോഗം ചേര്‍ന്നതിന് തെളിവാണ് ചെന്നിത്തലയുടെ വാക്കുകളെന്ന് വി.എസ്. സുനില്‍കുമാര്‍ ആരോപിച്ചു. മന്ത്രിസഭയിലെ ഒരംഗം യോഗം നടന്നിട്ടില്ളെന്ന് പറയുന്നത് സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹത്തെ അറിയിക്കാതെ യോഗം നടന്നെങ്കില്‍ കൂട്ടുത്തരവാദിത്തമില്ലായ്മയാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. കൂടുതല്‍ ഭരണപക്ഷ അംഗങ്ങള്‍ സഭയിലത്തെിയതോടെ പ്രതിപക്ഷം ബഹളം അവസാനിപ്പിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.