ആര്‍.ശങ്കർ ജീവിച്ചിരുന്നെങ്കില്‍ ബി.ജെ.പിയെ നയിച്ചേനെ–ഒ. രാജഗോപാൽ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ആര്‍.ശങ്കര്‍ ഇന്ന് ജിവിച്ചിരുന്നെങ്കില്‍ അദ്ദേഹം ബി.ജെ.പിയെ നയിച്ചേനെയെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍. ആര്‍.ശങ്കറും മന്നത്ത് പത്മനാഭനും ഹിന്ദു മഹാ മണ്ഡലം സംഘടിപ്പിച്ച കാലത്ത് കേരള രാഷ്ട്രീയത്തിലുണ്ടായ സാഹചര്യത്തിന് സമാനമാണ് നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യമെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

‘കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ കൃസ്ത്യന്‍ ചായ്വ് ചുണ്ടിക്കാണിച്ചാണ് ശങ്കറും മന്നവും വിശാല ഹിന്ദു ഐക്യത്തിനായി പരിശ്രമിച്ചത്. അവർക്കൊപ്പം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കളായ കേളപ്പനും മന്മഥനും അടക്കമുള്ളവര്‍ പേരില്‍ നിന്ന് നായര്‍ നീക്കം ചെയ്തതും വിശാല ഹിന്ദു ഐക്യത്തിന് വേണ്ടിയാണ്. സംഘ് പരിവാര്‍ രാഷ്ട്രീയം രൂപപ്പെട്ടു വരുന്ന സമയത്ത് തന്നെ അതുമായി ആര്‍ ശങ്കറിന് ബന്ധമുണ്ട്. ജനസംഘം രൂപവല്‍ക്കരണത്തില്‍ ആര്‍ ശങ്കറും മന്നത്ത് പത്മനാഭനും പങ്കെടുത്തിരുന്നു.  ശ്യാമ പ്രസാദ് മുഖര്‍ജിയുമായും വളരെ അടുത്ത ബന്ധമാണുള്ളത്. അത് കൊണ്ടാണ് കാണ്‍പൂരില്‍ ജനസംഘത്തിന്‍െറ ഉദ്ഘാടന സമ്മേളനത്തില്‍ ആര്‍ ശങ്കര്‍ പങ്കെടുത്തത്. അന്ന് ജനസംഘം സ്വാധീനമില്ലാത്തതുകൊണ്ടാകും അദ്ദേഹം ജനസംഘത്തില്‍ ചേരാതിരുന്നത്.  കോണ്‍ഗ്രസ് നേതാക്കള്‍ ചരിത്ര വസ്തുത വളച്ചൊടിക്കാനോ കണ്ണടച്ച് ഇരുട്ടാക്കാനോ ശ്രമിക്കരുത്’– രാജഗോപാല്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ചത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും ഹിന്ദുക്കള്‍ കോണ്‍ഗ്രസില്‍ നിന്നും യു.ഡി.എഫില്‍ നിന്നും അകലുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.