വാന്‍ മരത്തിലിടിച്ച് രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയില്‍ വെളിമുക്കിനും പാലക്കലിനുമിടയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. കോഴിക്കോട് ചേമഞ്ചേരി പൊയില്‍ക്കാവ് പരേതനായ തെക്കിനേടത്ത് രാമന്‍ നായരുടെ മകനും വിമുക്ത ഭടനുമായ സതീഷ്കുമാര്‍ (ബാബു -50), സഹോദരീപുത്രനും അത്തോളി അന്നശ്ശേരി കോളിയോട്ട്താഴം പുതുക്കുടി ഗോപാലന്‍കുട്ടിയുടെ മകനുമായ അനൂപ്കുമാര്‍ (29) എന്നിവരാണ് മരിച്ചത്. മരിച്ച സതീഷ്കുമാറിന്‍െറ മകന്‍ സുഭാഷ് (19) സഹോദരന്‍ വിജയന്‍ (45) വിജയന്‍െറ മകന്‍ നീരജ് (16) പൊയില്‍ക്കാവിലെ പി.ടി. ശ്രീധരന്‍ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മരിച്ച അനൂപ്കുമാര്‍ പാരലല്‍ കോളജ് അധ്യാപകനാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ ആറംഗ സംഘം ശബരിമലക്ക് പോയത്.  മടക്കയാത്രയാണ് ദുരന്തമായത്. സംഘം സഞ്ചരിച്ച മാരുതി വേഴ്സ വാന്‍ ലോറിയുമായി ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു.

തളിപ്പറമ്പില്‍നിന്ന് ബെഡുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും നാട്ടുകാരുമാണ് പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലത്തെിച്ചത്. മരിച്ചവരുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കാര്‍ത്യായനിയാണ് സതീഷ്കുമാറിന്‍െറ മാതാവ്. ഭാര്യ: സുജാത. മക്കള്‍: സുഭാഷ്, സുമിഷ. അനൂപ്കുമാറിന്‍െറ മാതാവ്: ഇന്ദിര. ഭാര്യ: ധന്യ. ഒന്നര വയസ്സുള്ള മകളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.