പ്രധാനമന്ത്രിക്ക് ഹൃദ്യമായ യാത്രയയപ്പ്

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിക്ക് മടങ്ങി. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മറ്റ് മന്ത്രിമാര്‍, മേയര്‍ വി. കെ. പ്രശാന്ത്, സ്പീക്കര്‍ എന്‍. ശക്തന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ വൈകീട്ട് 6.25 ഓടെയാണ് അദ്ദേഹം യാത്രയായത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കൊല്ലത്ത് ആര്‍. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയത് സംസ്ഥാനത്ത് രാഷ്ട്രീയവിവാദമായിരുന്നു.

മടക്കയാത്രക്ക് മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരുമായി അദ്ദേഹം 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. ശിവഗിരി സന്ദര്‍ശന പരിപാടികള്‍ വൈകിയതിനാല്‍ 5.50നാണ് പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്ടര്‍ പറന്നിറങ്ങിയത്. മന്ത്രി കെ.പി. മോഹനന്‍, ഡി.ജി.പി  ടി.പി. സെന്‍കുമാര്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ എന്നിവര്‍ ഹെലികോപ്ടറില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ജിജിതോംസണും ഹെലികോപ്ടറിന് അടുത്തത്തെി പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ടെക്നിക്കല്‍ ഏരിയയിലെ  സേഫ് ഹൗസിലായിരുന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേകചര്‍ച്ച നടന്നത്. തുടര്‍ന്ന് പ്രധാനമന്ത്രിക്ക് ഗവര്‍ണര്‍ അടക്കമുള്ളവര്‍ പൂച്ചെണ്ട് നല്‍കി യാത്രയാക്കി.  ഉപഹാരമായി ആറന്മുള കണ്ണാടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി. ആമാടപ്പെട്ടിയും സജ്ജമാക്കിയിരുന്നു. പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, കെ. ബാബു, മഞ്ഞളാംകുഴി അലി, വി.കെ. ഇബ്രാഹിം കുഞ്ഞ്, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, വി.എസ്. ശിവകുമാര്‍, പി.ജെ. ജോസഫ്, പി.കെ. അബ്ദുറബ്ബ് എന്നിവര്‍ എത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.