തടി കൂടി; എയര്‍ഇന്ത്യ നൂറിലധികം ജീവനക്കാരെ ഒഴിവാക്കുന്നു

തിരുവനന്തപുരം: അമിതഭാരമുള്ള നൂറിലധികം കാബിന്‍ ക്രൂ ജീവനക്കാരെ എയര്‍ഇന്ത്യ ഒഴിവാക്കുന്നു. തടികുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും പാലിക്കാത്ത ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ഭൂരിഭാഗം പേരെയും സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ ഒഴിവാക്കും. അവശേഷിക്കുന്നവരെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ചുമതല എല്‍പ്പിക്കാനാണ്  ലക്ഷ്യമിടുന്നത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട്  600ലധികം കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം തന്നെ നോട്ടീസ് നല്‍കിയിരുന്നു. ഒന്നരവര്‍ഷം സമയം നല്‍കിയിട്ടും ഒരുവിഭാഗം ജീവനക്കാര്‍ ഭാരം കുറയ്ക്കാന്‍ തയാറായില്ളെന്ന് എയര്‍ഇന്ത്യ അധികൃതര്‍ വ്യക്തമാക്കുന്നു.

 നിലവില്‍ പൈലറ്റുമാരുടെയും കാബിന്‍ ക്രൂവിന്‍െറയും എണ്ണക്കുറവ് മൂലം തിരക്കേറിയ സെക്ടറില്‍  സര്‍വിസ് നടത്താന്‍ കഴിയാതെ എയര്‍ ഇന്ത്യ കിതക്കുകയാണ്. ഈ സാഹചര്യത്തില്‍ നൂറിലധികം ജീവനക്കാരെ ഒഴിവാക്കുന്നതോടെ സര്‍വിസുകളുടെ താളം തെറ്റിയേക്കും. മുങ്ങി നടക്കുന്ന പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എയര്‍ഇന്ത്യ ഇതുവരെ തയാറായിട്ടില്ല.

ഏഴ് വര്‍ഷത്തിലധികമായി മുങ്ങിനടക്കുന്ന ജീവനക്കാര്‍വരെ ഇക്കൂട്ടത്തിലുണ്ട്. അവധിയെടുത്ത് മറ്റ് കമ്പനികളില്‍ ചേക്കേറുന്ന ഇവര്‍ ശമ്പളം വാങ്ങുന്നില്ളെന്നത് മാത്രമാണ് എയര്‍ ഇന്ത്യക്ക് ഏക ആശ്വാസം. എന്നാല്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ ഇത്തരക്കാര്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. അടിയന്തരഘട്ടങ്ങളില്‍ വിമാനം പറപ്പിക്കാന്‍ ആവശ്യമായ പൈലറ്റിന്‍െറയോ ക്രൂവിന്‍െറയോ സേവനം എയര്‍ഇന്ത്യക്ക് വിമാനത്താവളങ്ങളില്‍ ഇല്ല. രേഖകള്‍ പ്രകാരം എയര്‍ ഇന്ത്യക്ക് ഇപ്പോള്‍ ആകെ 3005 കാബിന്‍ക്രൂ ജീവനക്കാരും 1487 പൈലറ്റുമാരുമാണുള്ളത്.

കരിപ്പൂര്‍ പോലുള്ള വിമാനത്താവളങ്ങളിലെ ഡെസ്ക് ടോപ് റണ്‍വേയില്‍ വിമാനം ഇറക്കാന്‍ ആവശ്യമായ പ്രത്യേക പരിചയവും പരിശീലനവും ഉള്ള പൈലറ്റുമാര്‍ എയര്‍ ഇന്ത്യക്ക് വളരെ കുറവാണ്. 420 യാത്രക്കാരെ വഹിക്കുന്ന ജംബോ ജെറ്റ് വിമാനങ്ങള്‍ ഡെസ്ക് ടോപ് റണ്‍വേയില്‍ ഇറക്കാന്‍ കഴിവുള്ള ആറ് പൈലറ്റുമാര്‍ മാത്രമാണ് നിലവില്‍ എയര്‍ ഇന്ത്യക്കുള്ളത്. പൈലറ്റുമാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍െറ മാര്‍ഗനിര്‍ദേശം നിലവില്‍വന്നശേഷം ഇതനുസരിച്ച് ഷെഡ്യൂള്‍ ക്രമീകരിക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിയാതെവരുന്നതുമൂലമാണ് പലപ്പോഴും വിമാനങ്ങള്‍ വൈകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.