അടൂര്‍ പീഡനം: പിടിയിലായവരില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും

അടൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായവരില്‍ ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്. കോട്ടപ്പുറം കുലശേഖരപുരം പുളിക്കീഴില്‍തറ വീട്ടില്‍ രതീഷ് (29) യൂത്ത് കോണ്‍ഗ്രസ് കുലശേഖരപുരം മണ്ഡലം സെക്രട്ടറിയാണ്. പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ശൂരനാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളില്‍ ഒരാളാണ് ഇയാള്‍.

ഇയാളുടെ ഫോട്ടോ പുറത്തുവരരുതെന്ന നിര്‍ദേശം പൊലീസിനുണ്ടായിരുന്നതായി അറിയുന്നു. അത് പാലിക്കാന്‍ പൊലീസുകാര്‍ പെടാപാടാണ് പെട്ടത്. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി ബന്ധമുള്ളയാളാണ് രതീഷ്.  വി.എം. സുധീരന്‍െറ ജനപക്ഷ യാത്രയിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുമെല്ലാം നിറഞ്ഞുനിന്നിരുന്നു.

സ്വാധീനത്തിന് വഴങ്ങി ചിലരെ പൊലീസ് കേസില്‍നിന്ന് ഒഴിവാക്കിയെന്ന പ്രചാരണം സജീവമാകുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ബന്ധവും പുറത്തുവരുന്നത്. സംഘത്തില്‍ രണ്ടു ഡി.വൈ.എഫ്.ഐക്കാരും ഉള്ളതായി പറയുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം രതീഷിനുണ്ട്. കരുനാഗപ്പള്ളി മേഖലയിലെ പ്രധാന പ്രാദേശിക നേതാക്കളില്‍ ഒരാളുമാണ്. ഇയാളുടെ നേതൃത്വത്തിലാണ് പീഡനം ആസൂത്രണം ചെയ്തത്. പിടിയിലായ ബാക്കിയെല്ലാവരും രതീഷിനെക്കാള്‍ അഞ്ചു വയസ്സെങ്കിലും ഇളയവരാണ്.

എട്ടു യുവാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തപ്പോള്‍ നാലു പേരുടെ മുഖമുള്ള പടം പൊലീസ് തന്നെ എടുത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. മറ്റു നാലു പേരുടെ മുഖം മറച്ചുള്ള ഫോട്ടോയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എടുക്കാനായത്. അറസ്റ്റ് രേഖപ്പെടുത്തിയ ദിവസം രാവിലെ തന്നെ അടൂര്‍ സി.ഐ ഓഫിസില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അടൂര്‍ സി.ഐ എം.ജി. സാബു ഒഴിഞ്ഞു മാറിയിരുന്നു. സി.ഐ ഓഫിസില്‍നിന്ന് പ്രതികളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്താന്‍ പൊലീസ് പെടാപ്പാടുപെട്ടു.

ശൂരനാട് കേസിലെ നാലുപേരെയും മാധ്യമങ്ങള്‍ക്ക് ചിത്രമെടുക്കാന്‍ പൊലീസ് നിര്‍ത്തിയത് സി.ഐ ഓഫിസിലെ ഇരുട്ടുമുറിയിലാണ്. നാലുപേരും മുഖംമൂടിയാണു നിന്നതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.