കൊച്ചി: ഹൈകോടതി ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്നാരോപണമുയര്‍ന്ന രണ്ട് സിവില്‍ പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഹൈകോടതിയില്‍. ഇതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ചേംബറില്‍ വിളിച്ചു വരുത്തിയപ്പോഴാണ് കമീഷണര്‍ എം.പി. ദിനേശ് ഇക്കാര്യം ജസ്റ്റിസ് പി.ഡി. രാജനെ അറിയിച്ചത്. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടത്തെിയാല്‍ നടപടി സ്വീകരിക്കുമെന്നുമാണ് കമീഷണര്‍ കോടതിയെ അറിയിച്ചത്.
വിശദീകരണം കോടതി രേഖപ്പെടുത്തി. പൊതുജനങ്ങളോട് പൊലീസുകാര്‍ എങ്ങനെ പെരുമാറണമെന്ന് വിശദീകരിച്ച് ഡി.ജി.പി പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഹാജരാക്കാന്‍ കമീഷണറോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ ഹെഡ് സിവില്‍ പൊലീസ് ഓഫിസര്‍ കെ.ആര്‍. രാജീവ്നാഥ്, പൊലീസ് ഓഫീസര്‍ സതീഷ് ബാബു എന്നിവര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്. ഞായറാഴ്ച ഉച്ചക്ക് 2.20ന് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രദര്‍ശനത്തിനത്തെിയ ജസ്റ്റിസ് പി. ഡി. രാജനോട് ഇവര്‍ അപമര്യാദയായി പെരുമാറിയത്രേ. തിങ്കളാഴ്ച കോടതിയില്‍ വിളിച്ചു വരുത്തിയ പൊലീസുകാര്‍ക്ക് ജഡ്ജി ‘ഇംപോസിഷന്‍’ ശിക്ഷ നല്‍കിയിരുന്നു. രാവിലെ കോടതി ആരംഭിച്ചത് മുതല്‍ ഹാജരായ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈകുന്നേരം ബെഞ്ച് പിരിഞ്ഞ ശേഷമാണ് കോടതി വിടാനായത്.
ഇതിനിടെ പൊലീസ് നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള പൊലീസുകാരുടെ കടമയും ഉത്തരവാദിത്തവും സംബന്ധിച്ച് എഴുതി നല്‍കാനായിരുന്നു ‘ഇംപോസിഷന്‍’. സ്വമേധയാ കേസെടുക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുന്നതിന് കമീഷണര്‍ ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.