സൗദി പൗരന് സ്റ്റേഷന്‍ കിടപ്പാടമായി; പൊലീസ് കോടതിയിലേക്ക്

കാസര്‍കോട്: മൂന്നുവര്‍ഷം മുമ്പ് യാത്രാരേഖകളില്ലാതെ കാസര്‍കോട്ടത്തെി പൊലീസ് പിടിയിലായി ജയിലിലായിരുന്ന അബ്ദുല്‍ ബഷീര്‍ (36) എന്ന യുവാവിനെക്കൊണ്ട് പൊലീസ് വലഞ്ഞു. ഒരാഴ്ചയായി ബഷീറിന്‍െറ താമസവും ഭക്ഷണവും കാസര്‍കോട് പൊലീസ് സ്റ്റേഷനിലാണ്. യുവാവിന്‍െറ ഓരോ ദിവസത്തെയും ചെലവ് ഇപ്പോള്‍ പൊലീസുകാരുടെ പോക്കറ്റില്‍നിന്നാണ് പോകുന്നത്. ബഷീറിന്‍െറ താമസകാര്യത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
ബഷീര്‍ സൗദി പൗരന്‍ ആണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. സൗദിയിലെ ഒരാളുമായി ബന്ധപ്പെട്ട് ബഷീര്‍ പറഞ്ഞ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ ഇയാളുടെ മാതാപിതാക്കള്‍ അവിടെ താമസിക്കുന്നുണ്ടെന്നും യുവാവിന് സൗദി പാസ്പോര്‍ട്ട് ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. മക്കയിലാണ് കുടുംബമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പാസ്പോര്‍ട്ടിന്‍െറ കോപ്പി അയച്ചുനല്‍കാമെന്നും യുവാവിനെക്കുറിച്ച് അന്വേഷിച്ച സൗദി സ്വദേശി വ്യക്തമാക്കിയിട്ടുണ്ട്.
രേഖകളില്ലാതെ ഇന്ത്യയില്‍ എത്തിയതിന്‍െറ പേരില്‍ ജയിലിലായ ബഷീറിനെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി രണ്ട് വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞപ്പോള്‍ ഇയാളെ എംബസിവഴി നാടുകടത്താന്‍ പൊലീസിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, ജയില്‍ മോചിതനായ ബഷീറിനെ കാസര്‍കോട് ടൗണ്‍ പൊലീസ് ഏറ്റുവാങ്ങി. കാസര്‍കോട് പരവനടുക്കത്തെ അഗതി മന്ദിരത്തില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് ബഷീറിനെ കൊണ്ടുപോയെങ്കിലും വ്യക്തമായ രേഖകളില്ലാത്ത ആളെ പാര്‍പ്പിക്കാന്‍ കഴിയില്ളെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതിനാല്‍ ഒരാഴ്ചയോളമായി ബഷീര്‍ പൊലീസ് സ്റ്റേഷനിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുകയാണ്.
യുവാവിന് ധരിക്കാനുള്ള വസ്ത്രങ്ങള്‍ പൊലീസ് മറ്റുള്ളവരുടെ സഹായത്തോടെയാണ് സംഘടിപ്പിച്ചത്. ചെറിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ ബഷീറിനെ നേരത്തെതന്നെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്ക് വിധേയനാക്കിയിരുന്നു. അബ്ദുല്‍ ബഷീറിന് തന്‍െറ പാസ്പോര്‍ട്ട് നമ്പറും  അഡ്രസും  അറിയാം. തന്‍െറ പിതാവ് സൗദി പൗരനാണെന്നും മാതാവ് പാകിസ്താന്‍കാരിയാണെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
മക്കയിലെ ഒരു പള്ളിയില്‍ ക്ളീനിങ് ജോലിക്കാരനായിരുന്ന ബഷീറിന് ഇടക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നുവത്രെ. ഏതാനും തവണ സൗദി പൊലീസ് പിടികൂടി താക്കീത് ചെയ്തെങ്കിലും മദ്യപാനം ആവര്‍ത്തിച്ചതിനാലാണ് തന്നെ ബംഗ്ളാദേശിലേക്ക് നാടുകടത്തിയതെന്നും പിന്നീട് അഭയാര്‍ഥികള്‍ക്കൊപ്പം ബംഗാള്‍വഴി കൊല്‍ക്കത്തയിലത്തെുകയും അവിടെനിന്ന് കുറച്ചുകാലം ഹൈദരാബാദില്‍ ചെലവഴിക്കുകയും ചെയ്തുവെന്ന് ബഷീര്‍ വ്യക്തമാക്കുന്നു. പിന്നീട് ട്രെയിനില്‍ കാസര്‍കോട്ട് എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. എംബസിയില്‍നിന്നും വ്യക്തമായ മറുപടിയൊന്നും കിട്ടാത്തതിനാല്‍ സൗദി ഗവണ്‍മെന്‍റ് യുവാവിനെ ഏറ്റെടുക്കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ളെന്ന് പൊലീസ് പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.