മൂന്നാറില്‍ കണ്ണന്‍ ദേവന്‍െറ അനധികൃത ഭൂമി കൈമാറ്റം: സര്‍ക്കാറിന് നഷ്ടം 100 കോടി

കൊച്ചി: മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസ് ലിമിറ്റഡ് കമ്പനി നടത്തിയ ഭൂമി കൈമാറ്റങ്ങളെക്കുറിച്ച് കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണത്തിന് ഉത്തരവിടണമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. അനധികൃത ഭൂമി കൈമാറ്റത്തിലൂടെ സര്‍ക്കാറിന് 100 കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കണ്ണന്‍ദേവന്‍ ഹില്‍ പ്ളാന്‍േറഷന്‍സ് ഭൂമിയുമായി ബന്ധപ്പെട്ട് നടന്ന കൈമാറ്റങ്ങള്‍ രാജ്യത്തിന്‍െറ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടിയാണ്. സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കൈയേറിയതിന് മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസ് ലിമിറ്റഡ് കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹരജിയില്‍ ദേവികുളം എസ്.ഐ സി.ജെ. ജോണ്‍സണാണ് ഒരു സത്യവാങ്മൂലം നല്‍കിയത്. വ്യാജ രേഖകളിലൂടെ ആധാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് ഇനത്തിലാണ് നഷ്ടം സംഭവിച്ചതെന്ന് റവന്യൂ സ്പെഷല്‍ ഗവ. പ്ളീഡര്‍ സുശീല ഭട്ട് മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.  
മൂന്നാറിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കമ്പനി ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബോധ്യപ്പെട്ടത്. മുന്‍ കരാറുമായി ബന്ധമില്ലാത്തവരാണ് തിരുത്ത് ആധാരത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. തിരുത്ത് ആധാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ കോടികളുടെ  തട്ടിപ്പാണ് നടന്നത്. ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമിയുടെ തിരുത്ത് ആധാരം നടത്തിയത് 15 രൂപയുടെ മുദ്രപ്പത്രത്തിലാണ്.
 കക്ഷികളുടെ ഒപ്പില്ലാത്തതും വ്യത്യസ്ത ഒപ്പുകളുള്ളതുമായ പേജുകളാണ് ആധാരത്തിലുള്ളത്. മുദ്രപ്പത്രത്തില്‍ ഒപ്പും സീലുമില്ല. സാക്ഷികളുടെ വിലാസം രേഖപ്പെടുത്തിയിട്ടില്ല. ശരിയായ വിധത്തില്‍ സാക്ഷ്യപ്പെടുത്തിയ രേഖകളില്ല. സാധുവായ രജിസ്ട്രേഷനല്ല വസ്തുവുമായി ബന്ധപ്പെട്ട് നടത്തിയത്.രാജ്യത്തിന്‍െറ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടപടികളിലുള്‍പ്പെടെ ഗൗരവത്തിലുള്ള അന്വേഷണം വേണ്ടതുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറ്റവും വ്യാജരേഖ ചമക്കലുമുള്‍പ്പെടെ ഗുരതര കുറ്റകൃത്യങ്ങളാണ് കമ്പനിയുടെയും മുന്‍ഗാമികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നെല്ലിയാമ്പതി ടീ ആന്‍ഡ് പ്രൊഡ്യൂസേഴ്സ് ലിമിറ്റഡ് ഗവര്‍ണറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയാണ് ഭൂമി സ്വന്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. 1961ല്‍ ഗവര്‍ണര്‍ പാട്ടത്തിന് നല്‍കിയതാണെന്ന് വ്യക്തമാക്കുന്ന കമ്പനിയുടെ കൈവശമുള്ള രേഖ വ്യാജമാണെന്നും കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇതുകൂടി കണക്കിലെടുത്താണെന്നും പാലക്കാട് പടഗിരി പൊലീസ് സ്റ്റേഷന്‍ എസ്.ഐ യു. രാജീവ് കുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നെല്ലിയാമ്പതിയിലെ 619 ഏക്കറോളം വരുന്ന അബാന്‍ഡന്‍ഡ് വിക്ടോറിയ എസ്റ്റേറ്റ് വ്യാജരേഖകള്‍ ചമച്ച് അന്യായമായി കൈയേറിയെന്ന പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന കമ്പനിയുടെ ഹരജിയിലാണ് വിശദീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.