വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്നത് ആലോചിക്കും –കാരാട്ട്

കോഴിക്കോട്: വർഗീയവത്കരണം ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്നതിനെക്കുറിച്ച് പാർട്ടി ആലോചിക്കുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊൽക്കത്തയിൽ നടക്കുന്ന പ്ലീനം ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ഹോട്ടൽ ഹൈസണിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ വലിയ സ്വാധീനമുള്ള സി.പി.എമ്മിന് ഒറ്റ സ്കൂൾ പോലുമില്ല. എന്നാൽ, ആർ.എസ്.എസിന് ശിശുമന്ദിരം തൊട്ട് പ്രഫഷനൽ വിദ്യാഭ്യാസം വരെയുള്ള ഒരു ലക്ഷത്തോളം സ്ഥാപനങ്ങളാണ് ഇന്ത്യയിലുള്ളത്.  ചില സംസ്ഥാനങ്ങളിൽ തങ്ങൾക്ക് വിഭവങ്ങളുണ്ട്. അതുപയോഗിച്ച് എന്തു ചെയ്യാനാവും എന്ന് പരിശോധിക്കും.

വർഗീയത നേരിടാൻ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വിശാലമായ പ്ലാറ്റ്ഫോം രൂപവത്കരിക്കാൻ ഇടതു പാർട്ടികൾ ശ്രമിക്കും. അമ്പല കമ്മിറ്റികളിൽ കയറിപ്പറ്റാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിശ്വാസത്തിൽ പാർട്ടി ഇടപെടാറില്ല. യോഗം ചേർന്ന് അമ്പല കമ്മിറ്റിയിൽ മത്സരിക്കാൻ തീരുമാനിക്കാറുമില്ല. അമ്പലങ്ങൾ ഉൾപ്പെടെ ആരാധനാലയങ്ങൾ സാമൂഹിക ജീവിതകേന്ദ്രങ്ങൾകൂടിയാണ്. അത് വർഗീയശക്തികളുടെ കൈയിലകപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരം കമ്മിറ്റികളിൽ മതേതര വ്യക്തികൾ വരുന്നതിനെ പിന്തുണക്കും.

ബ്യൂറോക്രാറ്റിക് രീതി പാർട്ടിയിലടക്കമുണ്ട്. സ്വാധീന മേഖലയായ കേരളത്തിൽപോലും ജനങ്ങളിൽനിന്ന് അകലുന്നുവെന്ന പ്രശ്നവുമുണ്ട്. ഇത് മാറണം. കോർപറേറ്റ് കമ്പനികളിൽനിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് തങ്ങൾ എതിരാണെന്നും അവർ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്നത് കള്ളപ്പണമാണെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.

എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ പ്രഫ. എ. അച്യുതൻ, മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, പി.കെ പാറക്കടവ്, ഡോ. ഖദീജ മുംതാസ്, പോൾ കല്ലാനോട്, എം.എൻ കാരശേരി, കെ.ഇ.എൻ കുഞ്ഞഹമ്മദ്, നടൻ ജോയ് മാത്യു എന്നിവരുമായി കാരാട്ട് കൂടിക്കാഴ്ച നടത്തി. യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ എന്നിവരും സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.