വെള്ളാപ്പള്ളി പുതിയ പാർട്ടി പ്രഖ്യാപിച്ചു: ഭാരത് ധർമ്മ ജനസേന

തിരുവനന്തപുരം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. ശംഖുമുഖത്ത് സമത്വ മുന്നേറ്റയാത്ര സമാപന സമ്മേളനത്തിലാണ് രാഷ്ട്രീയപ്രാർട്ടിയായ ഭാരത് ധർമ്മ ജനസേനയെ പ്രഖ്യാപിച്ചത്. പാർട്ടി പതാകയും പാർട്ടി ചിഹ്നവും പരിപാടിയിൽ അവതരിപ്പിച്ചു. 'കൂപ്പു കെെ' ആണ് ചിഹ്നം. ഹിന്ദു രാജ്യം സ്ഥാപിക്കുകയല്ല എല്ലാവർക്കും നീതി ലഭിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഇതൊരു മതേതര പാർട്ടിയാണെന്നും കൃസ്ത്യാനികളിലും മുസ് ലിംകളിലും ഹിന്ദുക്കൾക്കളിലുമുള്ള എല്ലാ പാവപ്പെട്ടവർക്കും നീതി കിട്ടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തിൽ അഡ്ജസ്റ്റമെന്‍റ് ഭരണമാണ് നടക്കുന്നത്. അഞ്ച് വർഷം യു.ഡി.എഫും അഞ്ച് വർഷം എൽ.ഡി.എഫും ഖജനാവ് കൊള്ളയടിക്കുകയാണ്.  അസംബ്ലി കൂടുമ്പോൾ പെൺവാണിഭവും അഴിമതിയും മാത്രം ചർച്ച ചെയ്ത് ടി.എ വാങ്ങി അവർ പിരിയുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ തനിക്കെതിരെ ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുകയാണ്. പ്രതിപക്ഷ നേതാവെന്നതിന്റെ വില മാത്രമേ വി.എസിനൊള്ളൂ. സ്ഥാനമില്ലെങ്കിൽ വി.എസ് വെറും അച്ചാണ്. അഴിമതിക്കെതിരെ പോരാടുന്ന അദ്ദേഹം ആദ്യം തന്‍റെ വീട്ടിലെ അഴിമതിയാണ് ഇല്ലാതാക്കാൻ നോക്കേണ്ടത്. എല്ലാവർക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുന്നിട്ടിറങ്ങിയപ്പോഴാണ് ഇടതിനും വലതിനും തന്നെ വേണ്ടാതായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വി.എം സുധീരനും വി.എസും തനിക്കെതിരെ നൽകിയ രണ്ട് കേസുകളാണ് ഈ ജാഥയെ വിജയിപ്പിച്ചത്. രണ്ടുപേരും ഈഴവ സമുദായത്തിലെ കുലംകുത്തികളാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനം വിവരമുള്ളവർക്കുള്ളതാണ്. കണ്ട ആപ്പ ഊപ്പകൾക്കുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന് യോഗത്തില്‍ സംസാരിച്ച എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോ ഫിനാൻസിൽനിന്ന് ഒരു രൂപയെങ്കിലും എടുത്തെന്ന് പ്രതിപക്ഷ നേതാവ് തെളിയിക്കണം. അങ്ങനെ തെളിഞ്ഞാൽ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കും. ആരോപണം തെളിയിക്കാനായില്ലെങ്കിൽ വിഎസ് പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്നും തുഷാർ ചോദിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.