കിളിരൂർ വി.െഎ.പിയുടെ പേര് പറഞ്ഞാൽ ലൈംഗിക ഗൂഢാലോചന വെളിപ്പെടുത്താം -മന്ത്രി ഷിബു

തിരുവനന്തപുരം: ലൈംഗികാരോപണ വിഷയം സംബന്ധിച്ച മന്ത്രി ഷിബു ബേബി ജോണിന്‍റെ വ്യാഴാഴ്ചത്തെ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സബ്മിഷൻ ഉന്നയിച്ചത് നി‍യമസഭക്കുള്ളിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിവെച്ചു. ബിജു രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ ഗൂഢാലോചന നടത്തിയവര്‍ ആരാണെന്ന് അറിയാമെന്നും അത് പ്രതിപക്ഷമല്ലെന്നുമാണ് വ്യാഴാഴ്ച ഷിബു ബേബി ജോണ്‍ സഭയില്‍ പറഞിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ വി.എസ്, സഭയോട് ഇത്തിരിയെങ്കിലും ആദരവുണ്ടെങ്കില്‍ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

കിളിരൂര്‍ കേസിലെ വി.ഐ.പി ആരാണെന്ന് പറയാന്‍ വി.എസ്  തയാറായാല്‍, ലൈംഗികാരോപണ ഗൂഢാലോചനക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് താനും വെളിപ്പെടുത്താമെന്ന് വി.എസിന് മന്ത്രി ഷിബു മറുപടി നല്‍കി. ഷിബു ബേബി ജോണിന്‍റെ മറുപടിയില്‍ പ്രകോപിതരായ പ്രതിപക്ഷം മന്ത്രിക്കെതിരെ തിരിയുകയും സഭയുടെ നടുത്തളത്തിൽ ഇറങ്ങി ബഹളം വെക്കുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ധനമന്ത്രി സ്ഥാനം രാജിവെക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ച് രാവിലെ കെ.എം മാണി സഭക്കുള്ളിൽ പ്രസ്താവന നടത്തിയതും പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചിരുന്നു. രാജിവെച്ച മന്ത്രിക്ക് സഭാ സമ്മേളനം ചേരുമ്പോൾ പ്രസ്താവന നടത്താൻ അവകാശമില്ലെന്ന് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരൻ ക്രമപ്രശ്നം ഉന്നയിച്ചു. മന്ത്രിസ്ഥാനം രാജിവെച്ച അംഗങ്ങള്‍ക്ക് ചട്ടം 64 പ്രകാരം പ്രത്യേക അനുമതിയോടെ പ്രസ്താവന നടത്താമെന്നും മുമ്പും ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും സ്പീക്കര്‍ എൻ. ശക്തൻ റൂളിങ് നല്‍കിയതോടെയാണ് പ്രതിപക്ഷ ബഹളം അവസാനിച്ചത്. ബാർ കോഴ കേസിൽ തന്‍റെ ഭാഗം കേൾക്കാതെ ഹൈകോടതി നടത്തിയ പരാമർശങ്ങൾ വേദനാജനകമാണെന്നും സത്യം ആത്യന്തികമായി ജയിക്കുമെന്നുമാണ് മാണി പ്രസ്താവന നടത്തിയത്.

രാവിലെ നിയമസഭ ചേർന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ബാനറും പ്ലക്കാർഡുകളും കൊണ്ട് സഭക്കുള്ളിൽ എത്തിയ പ്രതിപക്ഷാംഗങ്ങളോട് സഭാ നടപടികളിൽ സഹകരിക്കാൻ സ്പീക്കർ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്ന് ചോദ്യോത്തരവേള സുഗമമായി നടന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.