ബിജുവിന്‍െറ മൊഴി അടിസ്ഥാനരഹിതം –സരിത

പത്തനംതിട്ട: മുഖ്യമന്ത്രിയുമായി തന്നെ ബന്ധപ്പെടുത്തി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമീഷനു നല്‍കിയ മൊഴിയില്‍ പറയുന്നവ അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സരിത എസ്. നായര്‍. പിതൃതുല്യനായി താന്‍ കാണുന്ന വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹവുമായി ബന്ധപ്പെടുത്തി ഇത്ര മോശമായ മൊഴി നല്‍കിയ ബിജു തന്‍െറ കുടുംബപാരമ്പര്യവും സംസ്കാരവുമാണ് വെളിപ്പെടുത്തിയതെന്നും സരിത ‘മാധ്യമ’ത്തോട് പറഞ്ഞു.
 മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട സീഡി ഉണ്ടെങ്കില്‍ ബിജു പുറത്ത് വിടട്ടെ. വിടുന്നില്ല എങ്കില്‍ കമീഷന്‍ സീഡി പിടിച്ചെടുക്കണം. അത് മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചാലും തനിക്ക് ഒന്നുമില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലാത്തതിനാല്‍  അതിനെ ഭയപ്പെടുന്നുമില്ല. ഡിസംബര്‍ ഏഴിന് കമീഷനു മുന്നില്‍ ഹാജരാകണമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തന്‍െറ ജീവിതത്തില്‍ സംഭവിച്ചത് എന്തെല്ലാമെന്ന് കമീഷന് മുന്നില്‍ പറയും. ബിജു പലതും പലപ്പോഴായി പലയിടത്തും പറഞ്ഞിട്ടുണ്ട്. അതിലൊന്നും സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് മാത്രം പറഞ്ഞിട്ടില്ല. അനാവശ്യ ആരോപണം ഉന്നയിച്ച ബിജുവിനെതിരെ നിയമ നടപടി സ്വീകരിക്കും.
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ പലപ്പോഴും മൗനം പാലിക്കാന്‍ നിര്‍ബന്ധിതയായിട്ടുണ്ട്. പറയുന്ന കാര്യങ്ങളുടെ അനന്തര ഫലം ഓര്‍ത്തിട്ടാണ് അങ്ങനെ ചെയ്തത്.  ഇനി കമീഷന് മുന്നില്‍ എല്ലാം തുറന്ന് പറയണമെന്ന് കരുതുന്നു. പറയുന്ന കാര്യങ്ങളില്‍ വിവാദം ഉണ്ടായേക്കാം. ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അനുഭവിക്കേണ്ടിവന്ന കാര്യങ്ങളാവും പറയുക. ഒരു സ്ത്രീ എന്തുവരെ ആകാം. ആകരുത് എന്നെല്ലാം അറിവുപകരുന്നതായിരിക്കും തന്‍െറ മൊഴിയെന്നും സരിത പറഞ്ഞു.
ബിജു ഇപ്പോള്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയെ കൂടാതെ പറയുന്ന മറ്റുള്ളവരെ കുറിച്ച കാര്യങ്ങളും സരിത നിഷേധിച്ചു. കമീഷന് മുന്നില്‍ ബിജു പറഞ്ഞ എല്ലാകാര്യങ്ങളെക്കുറിച്ചും പ്രതികരിക്കുന്നില്ല. അത് ഒരു ജുഡീഷ്യല്‍ കമീഷനായതിനാലാണ്. പക്ഷേ, ബുധനാഴ്ച പറഞ്ഞ കാര്യങ്ങള്‍ തന്‍െറ സ്വകാര്യതയുമായി ബന്ധപ്പെട്ടതായതിനാലാണ് പ്രതികരിക്കുന്നതെന്നും സരിത പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.