നിലപാടുകള്‍ ശരിയായിരുന്നെന്ന് കാലം തെളിയിക്കും –വിന്‍സന്‍ എം. പോള്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തന്‍െറ നിലപാടുകള്‍ ശരിയായിരുന്നെന്ന് കാലം തെളിയിക്കുമെന്ന് ഡി.ജി.പി വിന്‍സന്‍ എം. പോള്‍. കെ.എം. മാണിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തെളിവില്ളെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തത്. അതില്‍ ഉറച്ചുനില്‍ക്കുന്നു. മറിച്ചാണെന്ന് കാലം തെളിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ അന്നത്തെ എ.ഡി.ജി.പി ജേക്കബ് തോമസിന് ഒരു റോളുമില്ലായിരുന്നെന്നാണ് വിശ്വാസം. മന്ത്രി ബാബുവിനെതിരായ കേസ് എറണാകുളം എസ്.പിക്ക് കൈമാറിയത് തിരുവനന്തപുരം സ്പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്ന് എസ്.പി ആര്‍. സുകേശന്‍െറ കൂടി അഭിപ്രായം മാനിച്ചാണ്. കേസന്വേഷണത്തിന്‍െറ തിരക്ക് ഒഴിവാക്കാനാണ് അങ്ങനെ ചെയ്തത്. അക്കാര്യം ജേക്കബ് തോമസിനും അറിയാം. മാണിക്കെതിരെ കേസെടുക്കാന്‍ തക്കവണ്ണം ഒരു ശതമാനം പോലും തെളിവ് ഫാക്ച്വല്‍ റിപ്പോര്‍ട്ടിലില്ലായിരുന്നെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വിന്‍സന്‍ എം. പോള്‍ ഒരുമാസമായി അവധിയിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍െറ അധികാരത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ കൈകടത്തിയെന്ന കോടതി നിരീക്ഷണം അദ്ദേഹത്തിന് വ്യക്തിപരമായി ക്ഷീണമുണ്ടാക്കിയിരുന്നു. തിങ്കളാഴ്ച വിജിലന്‍സ് ആസ്ഥാനത്തത്തെിയ വിന്‍സന്‍ എം. പോള്‍ ഡയറക്ടറുടെ പൂര്‍ണചുമതല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിക്ക് കൈമാറി. തുടര്‍ന്ന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. സുപ്രധാനമായ കേസുകളുടെ അന്വേഷണത്തിന് സഹായകരമായി ഒപ്പം നിന്ന ജീവനക്കാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.  മൂന്നോടെ വിജിലന്‍സിന്‍െറ പടിയിറങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.