79 രൂപ അധികം ഈടാക്കി; കെ.എസ്.ഇ.ബിക്ക് 5000 രൂപ പിഴ

തിരൂര്‍: ഉപഭോക്താവില്‍നിന്ന് 79 രൂപ അധികം ഈടാക്കിയ പുറത്തൂര്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് 5000 രൂപ പിഴ വിധിച്ചു. മംഗലത്ത് തയ്യല്‍ കട നടത്തുന്ന ഏറുകാട്ടില്‍ ഹരിദാസന്‍ നല്‍കിയ പരാതിയില്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് നഷ്ടപരിഹാരം വിധിച്ചത്.
ആറ് മാസത്തോളം തകരാറിലായിരുന്ന തയ്യല്‍ കടയിലെ മീറ്റര്‍ ഹരിദാസന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മാറ്റിസ്ഥാപിച്ചിരുന്നു. യഥാര്‍ഥ ബില്‍ തുക 475 രൂപ ആയിരുന്നെങ്കിലും 554 രൂപ അടക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. മീറ്റര്‍ തകരാറിലായിരുന്ന സമയത്തെ ശരാശരി തുകയും കണക്കാക്കിയാണ് തുക അടക്കാന്‍ ആവശ്യപ്പെട്ടത്.
മീറ്ററിലെ റീഡിങ് 40 യൂനിറ്റ് ആണെന്നിരിക്കെ ബില്‍ തുക അധികമാണെന്ന് ഹരിദാസന്‍ ചൂണ്ടിക്കാണിച്ചെങ്കിലും അധികൃതര്‍ തുക കുറക്കാന്‍ തയാറായില്ല. തുടര്‍ന്ന് മംഗലത്തെ സന്നദ്ധ സംഘടനയായ സിവില്‍ സെന്‍സിന്‍െറ സഹായത്തോടെ ഫോറത്തെ സമീപിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തിലധികം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂലവിധി. കഴിഞ്ഞ ജൂണില്‍ നഷ്ടപരിഹാരം വിധിച്ചെങ്കിലും കെ.എസ്.ഇ.ബി അധികൃതര്‍ തുക നല്‍കിയില്ല. തുടര്‍ന്ന് ഹരിദാസന്‍ വീണ്ടും ഫോറത്തെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. ഫോറം പ്രസിഡന്‍റ് കെ. മുഹമ്മദലി, മദനവല്ലി, മിനി മാത്യു എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.