മുത്തൂറ്റ് പോള്‍ വധക്കേസ്: വിധി പ്രസ്താവം നാളത്തേക്ക് മാറ്റി

തിരുവനന്തപുരം:  മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് വധക്കേസില്‍ ശിക്ഷാ വിധി സി.ബി.ഐ കോടതി മാറ്റി വെച്ചു. കേസിലെ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിധി പ്രസ്താവിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.  പ്രതികളായ സുജിത്, ജയചന്ദ്രന്‍, സന്തോഷ് ഹസന്‍ എന്നിവരാണ് ഹാജരാകാതിരുന്നത്. ഇനി ഒഴിവുകള്‍ പറയരുതെന്ന അന്ത്യശാസനത്തോടെയാണ് സി.ബി.ഐ കോടതി വിധി പ്രസ്താവം മാറ്റിവെച്ചത്. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ് അടക്കം 19 പേരാണ് കേസിലെ പ്രതികള്‍.

2009 ആഗസ്ത് 22നാണ് പോള്‍ എം.ജോര്‍ജ് കുത്തേറ്റ് മരിച്ചത്. കേരള പോലീസ് ആദ്യം തയാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ 2010 ജനവരി 29ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം എറ്റെടുക്കുകയും 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിശദാന്വേഷണത്തിനിടെ അഞ്ചുപേരും കൂടി പ്രതികളായി.

മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴക്ക് പോകും വഴി ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. 2012 നവംബര്‍ 19ന് ആരംഭിച്ച വിചാരണയില്‍ പോള്‍ ജോര്‍ജിന്‍റെ ഡ്രൈവര്‍ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി.

കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച് കടന്ന ഗുണ്ടാനേതാക്കള്‍ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കേരള പൊലീസ് പ്രതികളാക്കിയിരുന്നെങ്കിലും സി.ബി.ഐ മാപ്പുസാക്ഷികളാക്കി മാറ്റി. കൊലപാതകം കണ്ടില്ളെന്നും പോളിനെ കുത്തിയവരെ അറിയില്ളെന്നുമാണ് രണ്ടുപേരും കോടതിയില്‍ നല്‍കിയ മൊഴി. പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനു കാരി സതീശ് അടക്കമുളളവരെ കോടതിയില്‍ തിരിച്ചറിഞ്ഞു. ഏറെ വിവാദമായ 'എസ്' കത്തിയും കോടതിയുടെ പരിഗണനക്ക് വന്നു. പൊലീസ് ആദ്യം കണ്ടെടുത്ത 'എസ്' ആകൃതിയുളള കത്തിയല്ല കൊലക്ക് ഉപയോഗിച്ചതെന്ന് കണ്ടത്തെിയ സി.ബി.ഐ കൊലക്ക് ഉപയോഗിച്ച യഥാര്‍ഥ കത്തിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.