കണ്ണൂര്‍ വിമാനത്താവളം: നെടുമ്പാശ്ശേരി മാതൃകയില്‍ ജോലി നല്‍കും -മന്ത്രി ബാബു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് സിയാല്‍ (നെടുമ്പാശ്ശേരി) മാതൃകയില്‍ ജോലി നല്‍കുമെന്ന് എക്സൈസ്-തുറമുഖ  മന്ത്രി കെ. ബാബു പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 3400 മീറ്റര്‍ റണ്‍വേ കൂടിയേ തീരൂ. ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനുള്ള തീരുമാനം അടിച്ചേല്‍പിച്ചതല്ല. പുനരധിവാസത്തെ കുറിച്ച് മുമ്പ് ഇറക്കിയ ഉത്തരവില്‍ മാറ്റമില്ല. ജില്ലാ കലക്ടര്‍ നിശ്ചയിക്കുന്ന ന്യായമായ നഷ്ടപരിഹാരം നല്‍കും. വീട് നഷ്ടപ്പെടുന്നവര്‍ക്ക് ജോലി നല്‍കുന്നതില്‍ മുന്‍ഗണനയുണ്ടാകും. സ്ഥലം നഷ്ടപ്പെടുന്നവരെ ശേഷം പരിഗണിക്കും. യോഗ്യരായവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മുന്‍ഗണന അനുസരിച്ച് നിയമനം നല്‍കും.

  സാങ്കേതിക യോഗ്യതയില്ലാത്തവര്‍ക്ക് അതിനനുസരിച്ചുള്ള ജോലികള്‍ നല്‍കും. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജലവിഭവ വകുപ്പ് 25 കോടി രൂപയുടെ പദ്ധതി അംഗീകരിച്ച് സര്‍വേ നടത്തിക്കൊണ്ടിരിക്കുകയാണ്.  റണ്‍വേ വികസനവുമായി ബന്ധപ്പെട്ട പ്രായോഗികവും സാങ്കേതികവുമായ കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നാലിന് മൂന്നു മണിക്ക് മട്ടന്നൂര്‍ മുനിസിപ്പല്‍ ഹാളില്‍ യോഗം വിളിക്കും. കിയാല്‍ എം.ഡി എം. ചന്ദ്രമൗലി പങ്കെടുക്കും. റണ്‍വേയുടെ നീളം 3400 മീറ്റര്‍ തന്നെ ആകണമെന്ന് യോഗം ഏകകണ്ഠമായാണ് മന്ത്രിയോട് ആവശ്യപ്പെട്ടത്. ഇതിനായുള്ള സര്‍വേ നടപടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. ജനങ്ങള്‍ സര്‍വേയുമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.