ഹോസ്റ്റലില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മാതാപിതാക്കളടക്കം ഒമ്പതുപേര്‍ പിടിയില്‍

കൊച്ചി: ഹൈകോടതി ഹോസ്റ്റലില്‍ താമസിപ്പിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മാതാപിതാക്കളടക്കം ഒമ്പതംഗ സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. രജിസ്റ്റര്‍ വിവാഹനടപടി പൂര്‍ത്തിയാകുംവരെ ഹോസ്റ്റലില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ട യുവതിയെ വായ പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോവുകയായിരുന്നു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ 26കാരിയെയാണ് എറണാകുളം വടുതലയിലെ എസ്.എന്‍.വി സദനം ഹോസ്റ്റലില്‍നിന്ന് സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയത്.
കിലോമീറ്ററുകള്‍ പിന്തുടര്‍ന്ന് മാതാപിതാക്കളെയും ഒപ്പമുണ്ടായിരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരടക്കമുള്ള ഏഴുപേരെയും പൊലീസ് മണിക്കൂറിനകം പിടികൂടി. മാതാപിതാക്കള്‍ക്ക് പുറമെ കോഴിക്കോട് ബാലുശ്ശേരി തോട്ടക്കടവ് അംസുതന്‍ (24), ബാലുശ്ശേരി കിളിയാനേക്കണ്ടി വിഷ്ണു  (22), വടക്കന്‍ പറവൂര്‍ മൂത്തകുന്നം കൈമഠത്തില്‍ കെ.കെ. സ്വരാജ്  (22), സുല്‍ത്താന്‍ബത്തേരി സ്വദേശിയായ ബാലുശ്ശേരി അനിത ക്വാര്‍ട്ടേഴ്സില്‍ പി.പി. റെലീഷ് (32), തലശ്ശേരി മീത്തല്‍ മഞ്ജുള്‍ (30), ബാലുശ്ശേരി കൊട്ടിക്കോത്ത് ധനീഷ്കുമാര്‍ (24), ബാലുശ്ശേരി ഒടയോത്തുകുന്നേല്‍ സുജിത് (37) എന്നിവരാണ് പിടിയിലായത്.

ഇതരസമുദായത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായതിനെ തുടര്‍ന്നുണ്ടായ ഹേബിയസ് കോര്‍പസ് ഹരജിയില്‍ നേരത്തേ യുവതിയെ പൊലീസ് ഹൈകോടതിയില്‍ ഹാജരാക്കിയിരുന്നു. കാമുകനൊപ്പം പോയാല്‍ മതിയെന്ന് യുവതി അറിയിച്ചതിനത്തെുടര്‍ന്ന് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താന്‍ കോടതി ഉത്തരവിട്ടു. വീട്ടുകാര്‍ക്കൊപ്പം താമസിക്കാന്‍ താല്‍പര്യമില്ളെന്ന് യുവതി അറിയിച്ച പശ്ചാത്തലത്തിലാണ് വിവാഹം വരെ ഹോസ്റ്റലില്‍ വിടാന്‍ നിര്‍ദേശിച്ചത്. മാതാപിതാക്കള്‍ക്കും കാമുകനും മാത്രം യുവതിയെ ഹോസ്റ്റലിലത്തെി കാണാനും ഇതിനിടെ ആവശ്യമെങ്കില്‍ കൗണ്‍സലിങ് നടത്താനുള്ള അനുമതിയും കോടതി നല്‍കി. ഇടക്കിടെ കൗണ്‍സലിങ് നല്‍കിയെങ്കിലും യുവതി എതിര്‍ത്തതോടെ നിര്‍ത്തി. കേസ് വീണ്ടും സെപ്റ്റംബര്‍ 10ന് പരിഗണിക്കാനിരിക്കെയാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്.
ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെ യുവതിയുടെ പിതാവിനൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഹോസ്റ്റലിലത്തെി യുവതിയെ കാണണമെന്ന് വാര്‍ഡനോട് ആവശ്യപ്പെട്ടു. കൗണ്‍സലര്‍മാരായാണ് കൂടെയുണ്ടായിരുന്നവരെ പിതാവ് പരിചയപ്പെടുത്തിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ യുവതിയെ വാര്‍ഡന്‍ ഇവര്‍ക്കടുത്തേക്ക് വിളിച്ചുവരുത്തി. എന്നാല്‍, യുവതി എത്തിയ ഉടന്‍ പിതാവിനൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ബലം പ്രയോഗിച്ച് പൊക്കിയെടുത്ത് സമീപത്ത് പാര്‍ക്ക് ചെയ്ത കെ.എല്‍ 57 ബി 4383 കാറില്‍ കയറ്റി. തടയാന്‍ ശ്രമിച്ച ഹോസ്റ്റല്‍ വാര്‍ഡനെ തട്ടിമാറ്റിയാണ് യുവതിയെയും കൊണ്ട്  കടന്നത്.

യുവതിയുടെ മാതാവും മറ്റ് അഞ്ചുപേരും കാറിലാണുണ്ടായിരുന്നത്. കാറില്‍ കയറ്റിയ ഉടന്‍ ഓടിച്ചുപോയി. ഇതിനിടെ, ഹോസ്റ്റല്‍ വാര്‍ഡന്‍ എറണാകുളം നോര്‍ത് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. വരാപ്പുഴ ഭാഗത്ത് ആറാട്ടുകടവില്‍ ചേരാനല്ലൂര്‍ പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ കാറില്‍നിന്ന് ചിലര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍, യുവതിയെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വരാപ്പുഴ പൊലീസ് കോട്ടുവള്ളിയില്‍നിന്ന് മറ്റുള്ളവരെ പിടികൂടി നോര്‍ത് പൊലീസിന് കൈമാറി. തുടര്‍ന്ന് മാതാപിതാക്കളടക്കം ഒമ്പതുപേര്‍ക്കെതിരെ യുവതിയെ തട്ടിക്കൊണ്ടുപോയതിന് കേസ് രജിസ്റ്റര്‍ ചെയ്തു. വൈകുന്നേരത്തോടെ യുവതിയെ പൊലീസ് ഹോസ്റ്റലില്‍ എത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.