പൂക്കളം ചോരയില്‍ മുങ്ങിയ തിരുവോണദിനങ്ങള്‍

കാഞ്ഞങ്ങാട്: ഐശ്വര്യത്തിന്‍െറയും സമൃദ്ധിയുടെയും ഓര്‍മകള്‍ പുതുക്കുന്ന തിരുവോണദിനം രാഷ്ട്രീയ കൊലപാതകങ്ങളാല്‍ നിറംകെട്ട ഓര്‍മദിനമായി മാറുന്നു. ഈ തിരുവോണനാളില്‍ കാസര്‍കോട്ടെ കാലിച്ചാനടുക്കം കായക്കുന്നിലെ സി.പി.എം പ്രവര്‍ത്തകനായ സി. നാരായണനും തൃശൂര്‍ വെള്ളിക്കുളങ്ങരയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷുമാണ് രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ടത്. നാരായണന്‍െറ സഹോദരന്‍ അരവിന്ദന്‍ അക്രമികളുടെ കുത്തേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.
2013ലെ തിരുവോണ ദിനത്തിലും 2003ലെ തിരുവോണദിനത്തിലും കാസര്‍കോട് ജില്ലയില്‍ നഷ്ടപ്പെട്ടത് രണ്ട് വിലപ്പെട്ട മനുഷ്യജീവനുകളായിരുന്നു. 2013ല്‍ ആഗസ്റ്റ് 16ന് ഓണനാളില്‍ സി.പി.എം പ്രവര്‍ത്തകനായ മാങ്ങാട്ടെ ബാലകൃഷ്ണനാണ് രാഷ്ട്രീയ കൊലപാതകത്തിനിരയായത്. 2003ല്‍ സെപ്റ്റംബര്‍ എട്ട് ഓണനാളില്‍ ബി.ജെ.പി പ്രവര്‍ത്തകനായ മാണിക്കോത്തെ ജയചന്ദ്രനും കൊല്ലപ്പെട്ടു.

മിക്ക രാഷ്ട്രീയ കൊലപാതകങ്ങളെയും പോലെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വാക്തര്‍ക്കമാണ് സി. നാരായണന്‍െറ കൊലപാതകത്തിനും കാരണമായത്. കുത്തേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്തെിയ നാരായണനെയും അരവിന്ദനെയും നാട്ടുകാരാണ് ആശുപത്രിയിലത്തെിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ നാരായണന്‍ മരണപ്പെട്ടു. മരണവാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ കാലിച്ചാനടുക്കത്തും പരിസരപ്രദേശങ്ങളിലും നിരവധി അക്രമ സംഭവങ്ങളാണ് ഇതിന്‍െറ തുടര്‍ച്ചയായി നടന്നത്. ഇതോടെ ഓണനാള്‍ ഒരു നാടിന്‍െറയാകെ പേടി സ്വപ്നമായി മാറി. നാരായണന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2013ല്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ ബാലകൃഷ്ണനെ തടഞ്ഞുനിര്‍ത്തിയാണ് ഒരു സംഘം വെട്ടിക്കൊന്നത്. ഈ സംഭവത്തെ തുടര്‍ന്ന് ഉദുമ മേഖലയാകെ രാഷ്ട്രീയ സംഘര്‍ഷബാധിത പ്രദേശമായി മാറിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബാലകൃഷ്ണന്‍െറ കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിച്ചിരുന്നു. പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെട്ട  ഈ സംഭവത്തില്‍  കേസ് നടന്നുവരുകയാണ്.

2003ല്‍ മാണിക്കോത്തെ ബി.ജെ.പി പ്രവര്‍ത്തകനായ ജയചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പ്രവര്‍ത്തകരായിരുന്നു പ്രതിപട്ടികയിലുണ്ടായിരുന്നത്. ആഴത്തില്‍ മുറിവേറ്റ ജയചന്ദ്രന്‍ മാണിക്കോത്തെ സംഭവസ്ഥലത്തു തന്നെ ചോര വാര്‍ന്നാണ് മരണപ്പെട്ടത്. കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. ജയരാജനും ആക്രമിക്കപ്പെട്ടത് 1999 ആഗസ്റ്റ് 25ലെ ഓണനാളിലായിരുന്നു. 1984 സെപ്റ്റംബര്‍ ഏഴിന് തിരുവോണ നാളിലാണ് എസ്.എഫ്.ഐ സംസ്ഥാന നേതാവായിരുന്ന പത്തനംതിട്ട ചിറ്റാറിലെ എം.എസ്. പ്രസാദ് കൊല്ലപ്പെട്ടത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.