നാടിന്‍െറ സ്നേഹം സാക്ഷി; പത്ത് യുവതികള്‍ സുമംഗലികളായി

കൊടുങ്ങല്ലൂര്‍: സഹജീവി സ്നേഹവും നന്മയും കാരുണ്യവും ഉള്‍ചേര്‍ന്ന സുമനസ്സുകളുടെ കൂട്ടായ്മയില്‍ പത്ത് നിര്‍ധന യുവതികള്‍ മംഗല്യവതികളായി. ഒരേ വേദിയില്‍ വിവിധ മതാചാരപ്രകാരം നടന്ന ചടങ്ങില്‍, താല്‍പര്യപൂര്‍വം മുന്നോട്ട് വന്ന പത്ത് യുവാക്കളാണ് യുവതികളെ ജീവിത സഖികളായി സ്വീകരിച്ചത്. ജാതി, മത, വര്‍ണങ്ങള്‍ക്കതീതമായി ‘മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന മഹദ് സന്ദേശം മുന്നോട്ടുവെക്കുന്നത് കൂടിയായി സി.കെ. വളവ് പൗരാവലി ഒരുക്കിയ ‘സമൂഹ വിവാഹം 2015’.
 മറ്റ് സമൂഹ വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി അക്ഷരാര്‍ഥത്തില്‍ ഒരു നാടിന്‍െറ ആവേശം തുളുമ്പുന്ന ആഘോഷമായി ചടങ്ങ് മാറി. മുതിര്‍ന്ന പൗരന്‍മാരും വീട്ടമ്മമാരും  യുവാക്കളും പെണ്‍കുട്ടികളുമെല്ലാം സംഘാടകരായി സി.കെ വളവിലെ സൗഹൃദ നഗറിലത്തെി. വധൂവരന്മാരുടെ പാര്‍ട്ടികള്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ടവര്‍ക്കുമായി 3000 പേര്‍ക്കാണ് സദ്യയൊരുക്കിയത്. വനിതകള്‍ ഉള്‍പ്പെടെ വിപുലമായ സംഘാടകസമിതി സജീവമായിരുന്നു.
അഞ്ച് പവന്‍ ആഭരണവും അഞ്ച് പവന്‍ സ്വര്‍ണത്തിന് തുല്യമായ പണവുമാണ് വധൂവരന്മാര്‍ക്ക് നല്‍കിയത്. ഫോട്ടോപതിച്ച മംഗളപത്രവും കൈമാറി.
സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, എം.എല്‍.എമാരായ അഡ്വ. വി.എസ്. സുനില്‍കുമാര്‍, ടി.എന്‍. പ്രതാപന്‍, ബ്ളോക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പുഷ്പാ ശ്രീനിവാസന്‍, വിജയലക്ഷ്മി ബാലകൃഷ്ണന്‍, വൃന്ദ പ്രേംദാസ്, ജനപ്രതിനിധികളായ ഹഫ്സ ഒഫൂര്‍, മാലിനി സുബ്രഹ്മണ്യന്‍, ടി.എസ്. ദാസന്‍, റിട്ട. ഇന്‍കം ടാക്സ് ഓഫിസര്‍ പി.എം. മുഹമ്മദ് ഹാജി, ഡോ. ജോസ് ഊക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വി.എം. സുലൈമാന്‍ മൗലവി ഖുത്തുബ നിര്‍വഹിച്ചു. സുരേഷ് എമ്പ്രാന്തിരി തൃപ്പേക്കുളവും പി.കെ. ഹൈദരലി സഅ്ദി, പി.കെ. സെയ്തുമുഹമ്മദ് ബാഖവി, ഷിഹാബുദ്ദീന്‍ അല്‍ ഹസനി ഉള്‍പ്പെടെ ഖത്തീബുമാരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സംഘാടക സമിതി കോഓഡിനേറ്റര്‍ ആസ്പിന്‍ അഷറഫ് മംഗളപത്രം വായിച്ചു. സുലൈമാന്‍ കാക്കശേരി, എന്‍.കെ. നാസര്‍ നമ്പിപുന്നിലത്ത്, മുജീബ് മുളംപറമ്പില്‍, സി.എച്ച്. ബീരാവുണ്ണി, സി.എ. ഷെഫീഖ്, സമീര്‍ ഗ്ളോറി, സിദ്ദി വടക്കന്‍, ഷമീര്‍ വി.വൈ, റാഫി താളം, കബീര്‍ കാക്കശേരി,എം.എം. ഷെഫീര്‍  എന്നിവര്‍ വധൂവരന്മാര്‍ക്ക് മംഗളപത്രം കൈമാറി. കെ.എം. നൂറുദ്ദീന്‍ (ആല്‍ഫ), കെ.കെ. സൈഫുന്നിസ (കോഴിക്കോട്), സോമന്‍ താമരകുളം തുടങ്ങിയവര്‍ സംസാരിച്ചു.
ഹംസ വൈപ്പിപ്പാടത്ത് സ്വാഗതവും മുജീബ് നന്ദിയും പറഞ്ഞു. സുബൈര്‍ കാക്കശേരി, കെ.എസ്. യൂസുഫ് സഗീര്‍, എം.കെ. റഷീദ്, സുല്‍ഫിക്കര്‍ അലി ഭൂട്ടോ, നിസാര്‍ (എച്ച് ടു ഒ), ഹസീന സുലൈമാന്‍, ഷാഹിദ നാസര്‍, മുംതാസ് അബൂബക്കര്‍, അഷിദ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.