ഡി.എച്ച്.ആര്‍.എം രാഷ്ട്രീയ പാര്‍ട്ടിയായി

കൊല്ലം: കുറഞ്ഞകാലംകൊണ്ട് ദലിത് വിഭാഗത്തിനിനിടയില്‍ കാഡര്‍ സംഘടനയായി മാറിയ ഡി.എച്ച്.ആര്‍.എം എന്ന ദലിത് ഹ്യൂമന്‍റൈറ്റ്സ് മൂവ്മെന്‍റിന്‍െറ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പിറന്നു. അധ$സ്ഥിത വര്‍ഗത്തിനു വേണ്ടി പൊരുതിയ അയ്യങ്കാളിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഡി.എച്ച്.ആര്‍.എം എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഒൗദ്യോഗികമായി നിലവില്‍വന്നത്. ഡെമോക്രാറ്റിക് ഹ്യൂമന്‍റൈറ്റ്സ് മൂവ്മെന്‍റ് എന്നാണ് പാര്‍ട്ടിയുടെ പേര്.
പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എല്ലാവര്‍ഷവും ഡി.എച്ച്.ആര്‍.എം സംഘടിപ്പിക്കുന്ന അയ്യങ്കാളി ജന്മദിന സമ്മേളനം ഇത്തവണ പാര്‍ട്ടിയുടെ പ്രഖ്യാപനം കൂടിയാവുകയായിരുന്നു. ഡി.എച്ച്.ആര്‍.എം ചെയര്‍പേഴ്സണ്‍ സലീന പ്രക്കാനം പ്രഖ്യാപനം നിര്‍വഹിച്ചു. ദലിത് യുവതി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നിര്‍വഹിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാകും.
പി.സി.ജോര്‍ജ് എം.എല്‍.എയുടെയും ദലിത് സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. 1983ല്‍ കല്ലറ സുകുമാരന്‍, പോള്‍ ചിറക്കരോട് എന്നിവരുടെ നേതൃത്വത്തില്‍ ഐ.എല്‍.പി (ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി) എന്ന പേരില്‍ ദലിതര്‍ക്കു വേണ്ടി രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചതിനു ശേഷം ആദ്യമായാണ് ദലിത് സംഘടനയുടെ രാഷ്ട്രീയ പ്രവേശം. കല്ലറ സുകുമാരന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവന്ന കേരള ഹരിജന്‍ ഫെഡറേഷന്‍െറ നേതൃത്വത്തിലായിരുന്നു ഐ.എല്‍.പിയുടെ പിറവി.
ഉപജാതികളുടെ അടിസ്ഥാനത്തില്‍ ജാതി സംഘടനകള്‍ രൂപവത്കരിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടു കൂറു പ്രഖ്യാപിച്ച് ആനുകൂല്യം നേടുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 മണ്ഡലങ്ങളില്‍ ഐ.എല്‍.പി മത്സരിക്കുകയും ചെയ്തു.
1989ല്‍ കാന്‍ഷിറാമുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് ബി.എസ്.പിയില്‍ ഐ.എല്‍.പി ലയിക്കുകയായിരുന്നു. ബി.എസ്.പി കേരളത്തിലത്തെിയതും കല്ലറ സുകുമാരനിലൂടെയാണ്. ഡി.എച്ച്.ആര്‍.എം ചെയര്‍പേഴ്സണ്‍ സലീന പ്രക്കാനവും ബി.എസ്.പി വിട്ടാണ് സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.