കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം; ബി.ജെ.പി നേതാവിന്‍െറ വീടിനുനേരെ ബോംബേറ്

കണ്ണൂര്‍: നിരോധനാജ്ഞക്കിടെ കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം. ഞായറാഴ്ച പുലര്‍ച്ചെ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. രഞ്ജിത്തിന്‍െറ വീടിനുനേരെ ബോംബേറുണ്ടായി. അഴീക്കോട് നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയാണിതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. തിരുവോണ ദിനത്തില്‍ ആരംഭിച്ച സംഘര്‍ഷം അഴീക്കോട് പഞ്ചായത്തിലും പരിസരത്തും തുടരുകയാണ്. നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അക്രമങ്ങള്‍ പൂര്‍ണമായി തടയാനായിട്ടില്ല.

ഇന്നലെ രാത്രി കണ്ണൂര്‍ നഗരത്തിലും പരിസരത്തുമായി മൂന്നിടങ്ങളില്‍ ബോംബേറുണ്ടായി. നഗരമധ്യത്തില്‍ താളിക്കാവിലും ചാലാട് ചാക്കാട്ടുപീടികയിലും കാപ്പാടിനുമടുത്താണ് ബോംബേറുണ്ടായത്. നേതാക്കളുടെ വീടുകള്‍ക്കു നേരെ അക്രമമുണ്ടായതിന്‍െറ പശ്ചാത്തലത്തില്‍ പൊലീസ് ജാഗ്രതയിലാണ്.



താളിക്കാവിലും പള്ളിക്കുന്നിലും ശനിയാഴ്ച ബോംബേറുണ്ടായിരുന്നു. അഴീക്കോട്ട് സി.പി.എമ്മുകാരുടെ 11 വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ് പരിക്കേറ്റ രണ്ടു സി.പി.എം പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ബി.ജെ.പി^സി.പി.എം സംഘര്‍ഷത്തില്‍ രണ്ട് പേരാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കാസര്‍കോട് കാലച്ചാനടുക്കം കായക്കുന്നിലെ സി. നാരായണന്‍ കുത്തേറ്റും തൃശൂര്‍ കൊടകര മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷ് വെട്ടേറ്റുമാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കാസര്‍കോഡ് ജില്ലയില്‍ എല്‍.ഡി.എഫും കൊടകരയില്‍ ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.