മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനകളിലെ ഇളവ് ആരോഗ്യ വിദ്യാഭ്യാസ മേഖലയെ ബാധിക്കും

മഞ്ചേരി: പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) നിര്‍ദേശിക്കുന്ന സൗകര്യങ്ങളില്‍ ഇളവ് വരുത്തിയത് മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. 1999ലെ എസ്റ്റാബ്ളിഷ്മെന്‍റ് ഓഫ് മെഡിക്കല്‍ കോളജ് റെഗുലേഷന്‍ ആക്ടാണ് ഭേദഗതി ചെയ്തത്. കഴിഞ്ഞ ജൂലൈ മൂന്നിനാണ് ഇത് നിലവില്‍വന്നത്.

മെഡിക്കല്‍ പി.ജിക്ക് വിദ്യാര്‍ഥി-അധ്യാപക അനുപാതം 1:1 എന്നത് 2:1 ആക്കി ഇളവ് ചെയ്തു. അനസ്തേഷ്യോളജി, ഫോറന്‍സിക് സയന്‍സ്, റേഡിയോതെറപ്പി, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി എന്നീ വിഭാഗങ്ങില്‍ അനുപാതം 1:1 എന്നത് 3:1 എന്നാക്കി. മെഡിക്കല്‍ കോളജുകളില്‍ അനുവദിക്കാവുന്ന എം.ബി.ബി.എസ് സീറ്റുകളുടെ പരമാവധി എണ്ണം 150ല്‍ നിന്ന് 250 ആക്കിയും ഉയര്‍ത്തി. നൂറ് എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കല്‍ കോളജില്‍ നേരത്തേയുള്ള നിബന്ധന പ്രകാരം 136 റെസിഡന്‍റ് മെഡിക്കല്‍ ഓഫിസര്‍മാര്‍ വേണ്ടതില്‍ പുതിയ നിര്‍ദേശ പ്രകാരം 76 ആയി കുറഞ്ഞു. നേരത്തേ നൂറ് സീറ്റുള്ള മെഡിക്കല്‍ കോളജില്‍ 500 ബെഡുള്ള ആശുപത്രി വേണമെന്നത് 470 ആയി കുറച്ചു. ചെസ്റ്റ്-ടി.ബി വിഭാഗം, കണ്ണുവിഭാഗം, ഇ.എന്‍.ടി വിഭാഗം എന്നിവയില്‍ 20 ബെഡ് വീതമാണ്  വേണ്ടിയിരുന്നത് പത്താക്കി.

എം.ബി.ബി.എസ് നാലാം വര്‍ഷക്കാര്‍ക്ക് ഭൗതികസൗകര്യങ്ങളില്‍ 120 പേര്‍ക്ക് ലെക്ചറിങ്ങിന് മൂന്ന് ഹാളുകള്‍, ആശുപത്രിക്കകത്ത് 150 പേര്‍ക്ക് സൗകര്യമുള്ള ഗാലറി മാതൃകയിലെ ഹാള്‍, 250 പേര്‍ക്ക് സൗകര്യമുള്ള പരീക്ഷാഹാള്‍, 1600 ചതുരശ്ര മീറ്റര്‍ ലൈബ്രറി, 300 പേര്‍ക്കെങ്കിലും സൗകര്യമുള്ള വ്യത്യസ്ത ഹോസ്റ്റല്‍, റെസിഡന്‍റ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് 59 പേര്‍ക്ക് സൗകര്യത്തില്‍ ഹോസ്റ്റല്‍, 43 നഴ്സുമാര്‍ക്ക് താമസ സൗകര്യം, റെസിഡന്‍റ് വിഭാഗത്തിന് ടീച്ചിങ് വിഭാഗത്തില്‍ 20 പേര്‍ക്കും നോണ്‍ ടീച്ചിങ് വിഭാഗത്തില്‍ 36 പേര്‍ക്കും ഹോസ്റ്റല്‍ തുടങ്ങിയവയും വേണം.

സീനിയര്‍ റെസിഡന്‍റാവാന്‍ നേരത്തേ എം.ഡി, എം.എസ്, ഡിപ്ളോമ ഇതില്‍ ഏതെങ്കിലും വേണമായിരുന്നു. പുതിയ നിര്‍ദേശത്തില്‍ എം.ബി.ബി.എസ് യോഗ്യതയും മൂന്നുവര്‍ഷത്തെ പരിചയവും മതി.  നൂറു സീറ്റുള്ള എം.ബി.ബി.എസ് കോളജ് ആശുപത്രിയില്‍ ഒ.പിയില്‍ 700 രോഗികളെങ്കിലും വരണം. പുതിയ നിര്‍ദേശങ്ങള്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ മിക്കയിടത്തും ഇല്ലാതാക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സ്വാശ്രയ കേന്ദ്രങ്ങളിലും ആവശ്യമായ ഫാക്കല്‍റ്റികളില്ലാത്തതാണ് തടസ്സം. മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിന് പരിഹാരമാവുമെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് അക്കാദമിക വിദഗ്ധരുടെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.