ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം: മരണം പത്തായി

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ഫൗസിയയുടെയും ഫോര്‍ട്ട് കൊച്ചി സ്വദേശി ഷില്‍ട്ടന്‍െറയും മൃതദേഹങ്ങളാണ് രാവിലെ കണ്ടെടുത്തത്. പൊലീസും മറൈന്‍ വിഭാഗവും നടത്തിയ തെരച്ചിലില്‍ കമാലകടവില്‍ ചീനവലക്ക് സമീപത്തു നിന്നാണ് മൃതദേഹങ്ങള്‍  കണ്ടെത്തിയത്. ഇതോടെ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.

വ്യാഴാഴ്ച കണ്ണമാലി ചന്തക്കടവ് പുത്തന്‍തോട് ആപത്ശ്ശേരി കുഞ്ഞുമോന്‍െറ മകള്‍ സുജീഷ(18), ഫോര്‍ട്ട്കൊച്ചി വെളിചന്ദ്രാലയത്തില്‍ വിജയന്‍ (60) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മഹാരാജാസ് കോളജ്  ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ സുജീഷയുടെ അമ്മ അങ്കണവാടി അധ്യാപിക സിന്ധുവിന്‍െറ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയിരുന്നു.

അതേസമയം, ദുരന്തത്തിനു കാരണമായ മത്സ്യബന്ധന ബോട്ടിന്‍റെ സ്രാങ്ക് കണ്ണമാലി സ്വദേശി ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തു.

ബുധനാഴ്ച ഉച്ചക്ക് ഫോര്‍ട്ട് കൊച്ചി അഴിമുഖത്ത് കപ്പല്‍ച്ചാലിന് സമീപം ഫെറി ബോട്ടില്‍ മത്സ്യബന്ധന വള്ളം ഇടിച്ചായിരുന്നു അപകടം. വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് പോയ യാത്രാബോട്ടായ ‘എം.വി ഭാരതി’ല്‍ ഇരുമ്പുവള്ളം ‘ബെസലേല്‍’ ഇടിക്കുകയായിരുന്നു. തൊട്ടടുത്ത പെട്രോള്‍ ബങ്കില്‍ നിന്ന് ഇന്ധനം നിറച്ച് അതിവേഗം മുന്നോട്ടെടുത്ത വള്ളമാണ് ബോട്ടില്‍ ഇടിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.