പെരിന്തല്‍മണ്ണ: ചേലാമലയില്‍ പ്രവര്‍ത്തിക്കുന്ന അലീഗഢ് സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വെക്കാന്‍ സര്‍വകലാശാല ആസ്ഥാനത്തുനിന്ന് നിര്‍ദേശം. കഴിഞ്ഞ മേയ് 26ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട കാമ്പസിന്‍െറ സ്ഥിരം കെട്ടിട നിര്‍മാണം ആരംഭിക്കാത്ത സാഹചര്യത്തില്‍ പണികള്‍ അനിശ്ചിതത്വത്തിലായി. എന്നാല്‍, ജോലികള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശം ലഭിച്ചതായി അറിയില്ളെന്നാണ് കാമ്പസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ അസീസ് ‘മാധ്യമ’ത്തോട് പറഞ്ഞത്. നിര്‍മാണ ഫണ്ട് ജൂലൈയില്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നടപടികള്‍ നീക്കിയതാണ്. എന്നാല്‍, തുക എത്തിയില്ല. അടുത്ത് എത്തുമെന്നാണ് പ്രതീക്ഷയെന്നും ഡയറക്ടര്‍ പ്രതികരിച്ചു.
കാമ്പസിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര മാനവ വിഭവ വകുപ്പ് നേരത്തെ 140 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 45 കോടി വിട്ടു നല്‍കിയതുകൊണ്ടാണ് ഇപ്പോള്‍ കാണുന്ന ജോലികള്‍ നിര്‍വഹിച്ചത്. ഇതിന്‍െറ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാലതാമസം വന്നതായി അറിയുന്നു. അതുകൊണ്ടാകാം പിന്നീടുള്ള തുക നല്‍കാതെ നിര്‍മാണ ജോലികള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശിച്ചതെന്ന് പറയപ്പെടുന്നു. പുതിയ നിര്‍ദേശം സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കാനിരുന്നതിനാണ് തിരിച്ചടിയായത്. വടക്കേ ഇന്ത്യന്‍ ലോബിക്ക് മലപ്പുറം കാമ്പസിനോട് വലിയ താല്‍പര്യമില്ല. കേന്ദ്രത്തില്‍ വന്ന ഭരണമാറ്റവും മാറിയ രാഷ്ട്രീയ സാഹചര്യവും കാരണം ഫണ്ടിന്‍െറ ലഭ്യത എന്നേക്ക് ഉണ്ടാകുമെന്ന് പറയാനും കഴിയില്ല. അതുകൊണ്ടുതന്നെ എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും അനിശ്ചിതമായി മാറ്റി വെക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.
കാമ്പസ് വൈഫൈ ആക്കുമെന്ന് മൂന്ന് മാസം മുമ്പ് നടത്തിയ പ്രഖ്യാപനവും നടപ്പായില്ല. വൈഫൈ കാമ്പസ് ആക്കിയതിന്‍െറ ഉദ്ഘാടനം നടത്തിയതുമാണ്. കാമ്പസില്‍ ജൈവവാതക പ്ളാന്‍റ് സ്ഥാപിക്കാനുള്ള പദ്ധതിയും ഇതോടെ മുടങ്ങി. ഹോസ്റ്റലുകളിലെ ജൈവമാലിന്യം ഉപയോഗപ്പെടുത്തി പ്ളാന്‍റ് നിര്‍മിച്ച് ആവശ്യമായ ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള പരിപാടിക്കാണ് പുതിയ നിര്‍ദേശം തിരിച്ചടിയായത്. ഇപ്പോള്‍ ജൈവമാലിന്യങ്ങള്‍ സമീപത്തെ പന്നിവളര്‍ത്തല്‍ ഫാമിലേക്ക് കൊണ്ടുപോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.