തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കുത്സിത നീക്കങ്ങള്‍ ജനാധിപത്യത്തോടും ഭരണഘടനയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതികള്‍ നിലവില്‍ വരുന്ന വിധം നിയമാനുസൃതവും കോടതി വിധി അനുസരിച്ചുള്ളതുമായ തയാറെടുപ്പുകള്‍ക്ക് തെരഞ്ഞെടുപ്പു കമീഷനെ സഹായിക്കേണ്ട സര്‍ക്കാരാണ് അട്ടിമറി നീക്കം നടത്തുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ വിമര്‍ശം.
യുഡി.എഫ് ജനവിധിയെ ഭയപ്പെടുന്നു എന്നാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കമ്മീഷനുമായി നടത്തിയ ചര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ നീക്കം ഭരണഘടനാവിരുദ്ധമായതിനാല്‍ അംഗീകരിക്കാനാകില്ളെന്നും, കോടതി പറഞ്ഞാല്‍ മാത്രമേ ഇനി തെരഞ്ഞെടുപ്പ് നീട്ടാനാകൂ എന്നും കമീഷണര്‍ വ്യക്തമാക്കിയതായാണ് വാര്‍ത്ത.
യോഗത്തില്‍ മുസ് ലിം ലീഗ് മന്ത്രി തെരഞ്ഞെടുപ്പ് കമീഷണറോട് ക്ഷുഭിതനായി എന്നത്, ലീഗിന്‍റെ അമിത താത്പര്യത്തിനും ഗൂഢ ലക്ഷ്യത്തിനും തെളിവാണ്. പുതുതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും കൂടി തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ലീഗിന്‍റെ ആവശ്യം മുഖ്യമന്ത്രിയും പിന്തുണച്ചത് ലീഗിന്‍െറ സമ്മര്‍ദത്തിനു വഴങ്ങിയതിനാലാണ്. ലീഗിന്‍റെ ദുര്‍വാശിക്ക് മുന്നില്‍ ജനാധിപത്യത്തെയും ഭരണഘടനാ ബാധ്യതയെയും അടിയറ വെക്കുന്നത് ലജ്ജാകരമാണ്. ഭരണ മുന്നണിയുടെ ഈ കള്ളക്കളി അവസാനിപ്പിക്കണം. യഥാസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.