ലൈറ്റ് മെട്രോ: അട്ടിമറിക്ക് പിന്നില്‍ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരും

കോട്ടയം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്ക് ആവിഷ്കരിച്ച ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഇ. ശ്രീധരനെയും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെയും (ഡി.എം.ആര്‍.സി) ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നില്‍ അടുത്തിടെ വിരമിച്ച ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി ആക്ഷേപം. സര്‍വിസിലുള്ള ചില ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടത്തുന്ന നീക്കങ്ങള്‍ക്ക് സര്‍ക്കാറിലെ പ്രമുഖരുടെ പിന്തുണയും ഉണ്ടെന്നറിയുന്നു. ശ്രീധരനെയും ഡി.എം.ആര്‍.സിയെയും ഒഴിവാക്കി കോടികള്‍ ചെലവുവരുന്ന പദ്ധതി ഏറ്റെടുത്ത് നടത്താനാണ് ഇവരുടെ ശ്രമം. ലൈറ്റ് മെട്രോ അട്ടിമറിക്കുന്നതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരാണെന്ന് ശ്രീധരന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
6,728 കോടി ചെലവുവരുന്ന പദ്ധതിയുടെ കമീഷനടക്കമുള്ള ആനുകൂല്യങ്ങളിലാണ് ഇവരുടെ കണ്ണ്. ഇതിനായി ഫയലുകള്‍ വെച്ചുതാമസിപ്പിച്ചും സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയും 10 മാസത്തോളമായി നടപടി നീട്ടിക്കൊണ്ടുപോകുകയാണ്. ഇക്കാലത്ത് നടന്ന പല മന്ത്രിസഭാ യോഗങ്ങളിലും ലൈറ്റ് മെട്രോയുടെ ഫയല്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ആവശ്യപ്പെട്ടിട്ട് നല്‍കാന്‍പോലും ഉദ്യോഗസ്ഥ ലോബി തയാറായിട്ടില്ല. ഉദ്യോഗസ്ഥരുടെ അട്ടിമറി നീക്കത്തിനെതിരെ പൊതുമരാമത്ത് വകുപ്പ് പലതവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മുഖ്യമന്ത്രിയെയും ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒടുവില്‍ സഹികെട്ടാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയുമായി ഇനി സഹകരിക്കേണ്ടതില്ളെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നതത്രേ. പദ്ധതിയുടെ റിപ്പോര്‍ട്ട് ഡി.എം.ആര്‍.സി കഴിഞ്ഞ ഒക്ടോബറില്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രത്തിന് ഫയല്‍ അയച്ചത് കഴിഞ്ഞ ആഴ്ചയാണ്.  റിപ്പോര്‍ട്ടില്‍ ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ളെന്ന് ഡി.എം.ആര്‍.സി കണ്ടത്തെിയിട്ടുണ്ട്. നിര്‍മാണച്ചുമതല, മേല്‍നോട്ടം, മൊത്തം ചെലവ്, വായ്പ, സംസ്ഥാന-കേന്ദ്രവിഹിതം എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം അവ്യക്തമാണെന്നും ഡി.എം.ആര്‍.സി പറയുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് അറിയാവുന്ന ഉദ്യോഗസ്ഥ ലോബി മന$പൂര്‍വം ഫയല്‍ താമസിപ്പിക്കുകയായിരുന്നെന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
കേന്ദ്രാനുമതി വൈകിപ്പിച്ച്  ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ പദ്ധതി നീട്ടിയാല്‍ തുടര്‍നടപടികള്‍ ആര് നടത്തണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുന്നതാവും ഉചിതമെന്നും ഉദ്യോഗസ്ഥലോബി കണക്കുകൂട്ടുന്നതായി ഡി.എം.ആര്‍.സിയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.  പദ്ധതി വൈകുന്നതിനാല്‍ പ്രതിദിനം 10 ലക്ഷം രൂപ നഷ്ടം സംഭവിക്കുന്നതായി ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനകം 50 കോടിയോളം രൂപയാണ് ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടല്‍ മൂലം സര്‍ക്കാറിന് നഷ്ടമായത്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഡി.എം.ആര്‍.സി തുറന്ന ഓഫിസുകള്‍ അടുത്തദിവസങ്ങളില്‍ തന്നെ അടച്ചുപൂട്ടും. ഓഫിസ് ചെലവ് പ്രതിമാസം 90 ലക്ഷം രൂപയാണ്. ഡി.എം.ആര്‍.സിയെ ഒഴിവാക്കി പദ്ധതിക്കായി പ്രത്യേക കോര്‍പറേഷന്‍ രൂപവത്കരിക്കണമെന്നാണ് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ശിപാര്‍ശ. ഇതുസംബന്ധിച്ച  വിശദ റിപ്പോര്‍ട്ടും ഉദ്യോഗസ്ഥലോബി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ചുമതല ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതാവും സുതാര്യമെന്നും ഇവര്‍ സര്‍ക്കാറിനെ ധരിപ്പിച്ചിട്ടുണ്ട്.
തുടര്‍ന്നാണ് പദ്ധതി അനിശ്ചിതമായി നീട്ടാന്‍ സര്‍ക്കാറും തീരുമാനിച്ചത്. പദ്ധതിക്ക് 6,728 കോടിയും ജപ്പാന്‍ ധനകാര്യസ്ഥാപനം വായ്പ നല്‍കാന്‍ തയാറായതോടെ എത്രയും വേഗം ശ്രീധരനെയും ഡി.എം.ആര്‍.സിയെയും ഒഴിവാക്കാനാണ് ഉദ്യോഗസ്ഥ ലോബി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നത്.അതേസമയം, ഡി.എം.ആര്‍.സി പിന്മാറിയാല്‍ ലൈറ്റ് മെട്രോ അവതാളത്തിലാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.