ന്യൂ ജനറേഷന്‍ സിനിമകള്‍ സ്ത്രീകള്‍ എങ്ങനെ സഹിക്കുന്നു -ഡി.ജി.പി

കാവനാട്: ന്യൂ ജനറേഷന്‍ സിനിമകള്‍ സ്ത്രീകള്‍ എങ്ങനെ സഹിക്കുന്നുവെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍. സ്ത്രീകള്‍ക്ക് പൊതുവില്‍ നെഗറ്റിവ് റോളുകള്‍ മാത്രമുള്ള പുരുഷാധിപത്യ സിനിമകളാണ് ന്യൂ ജനറേഷനിലധികവും. മദ്യത്തിനും മയക്കുമരുന്നിനും പ്രസക്തി നല്‍കുന്നവയാണ് മിക്കവയെന്നും അദ്ദേഹം പറഞ്ഞു. മുളങ്കാടകം നെല്ലുമുക്കിലെ ‘പെണ്‍വീട്’ ഉദ്ഘാടനത്തോടനുബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊബൈല്‍ഫോണില്‍ ആരെങ്കിലും ഫോട്ടോ എടുത്താല്‍ രക്ഷാകര്‍ത്താക്കളോട് പറയാന്‍ പോലും പെണ്‍കുട്ടികള്‍ തയാറാകുന്നില്ല. ഇത് കൂടുതല്‍ ബ്ളാക്മെയിലിങ്ങിലേക്ക് എത്തിക്കുകയാണ്. ഇത്തരം ധാരാളം സംഭവങ്ങള്‍ കണ്ടതുകൊണ്ടാണ് തെറ്റായ ധാരണ നല്‍കുന്നതായി മുമ്പ് ഒരു സിനിമയെക്കുറിച്ച് പറഞ്ഞത്. പക്ഷേ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമ എന്നായിരുന്നു ഇതിനുള്ള മറുപടി. ആറുമാസം ഡ്രഗ്സ് മാഫിയക്ക് സ്വാതന്ത്ര്യം അനുവദിച്ചാല്‍ ആറുലക്ഷം കോടി രൂപയുടെ ഡ്രഗ്സ് ക്യൂ നിന്ന് വാങ്ങാന്‍ ആളുണ്ടാകും. അടുത്തകാലത്ത് കോളജില്‍ ഒരു സംഭവമുണ്ടായപ്പോള്‍ ചില സിനിമകളും അത്തരം സംഭവങ്ങളെ സ്വാധീനിക്കുന്നതായി താന്‍ പറഞ്ഞു. എന്നാല്‍, സിനിമകള്‍ കൊണ്ടുമാത്രമല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. ഇത്തരം സിനിമകളും സ്വാധീനിക്കുമെന്നാണ് പറഞ്ഞത്.

ലോകത്തുനടന്ന വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത് മൂന്നിലൊന്ന് സ്ത്രീകളെങ്കിലും മര്‍ദനമേല്‍ക്കുകയോ ലൈംഗികപീഡനങ്ങള്‍ക്ക് വിധേയയാകുകയോ ചെയ്തിട്ടുണ്ടെന്നാണ്. സ്ത്രീസുരക്ഷ സംബന്ധിച്ച ബോധവത്കരണത്തിന് സംസ്ഥാന പൊലീസ് പദ്ധതി തയാറാക്കിയിട്ടുണ്ട്. കോളജുകളില്‍ സ്ത്രീസുരക്ഷ സംബന്ധിച്ച ക്ളാസുകള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ കൂടുതല്‍ പങ്കെടുക്കേണ്ടത് ആണ്‍കുട്ടികളാണ്. എങ്ങനെയാണ് സ്ത്രീകളോട് പെരുമാറേണ്ടതെന്ന് അവരാണ് മനസ്സിലാക്കേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നുലക്ഷം സ്ത്രീകളെ സ്വയംപ്രതിരോധത്തിനായി കരാട്ടേ അഭ്യസിപ്പിച്ചു. പക്ഷേ, ഇതൊക്കെയുണ്ടായാലും സ്ത്രീ സുരക്ഷിതയാകണമെങ്കില്‍ പുരുഷന്മാര്‍ വിചാരിക്കണം -സെന്‍കുമാര്‍ പറഞ്ഞു.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.