വര്‍ഗീയധ്രുവീകരണമുണ്ടാക്കുന്നത് ഉമ്മന്‍ ചാണ്ടിയെന്ന് ബാലകൃഷ്ണപിള്ള

കോഴിക്കോട്: സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നുവെന്ന എ.കെ. ആന്‍റണിയുടെ വാദം 100 ശതമാനവും ശരിയാണെന്നും എന്നാലതിന് നേതൃത്വം നല്‍കുന്നത് ആന്‍റണിയുടെ കക്ഷിയും അതിന്‍െറ നേതാവുമായ ഉമ്മന്‍ ചാണ്ടിയാണെന്നും കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. സാമുദായിക വൈരവും ധ്രുവീകരണവുമുണ്ടാക്കിയതിന്‍െറ ഫലമാണ് അരുവിക്കരയില്‍ കണ്ടത്. അത് മനസ്സിലാക്കി ആന്‍റണിതന്നെ അവരെ ഇതില്‍നിന്ന് പിന്തിരിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു താന്‍. പുതിയ പഞ്ചായത്തുകള്‍ വേണ്ടെന്നും 40,000ത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ മുനിസിപ്പാലിറ്റിയായി ഉയര്‍ത്താമെന്നുമായിരുന്നു ആ കമ്മിറ്റി ഉണ്ടാക്കിയ ധാരണ. അതൊന്നുമല്ല സംഭവിച്ചത്. ജനാധിപത്യവിരുദ്ധമായും രാഷ്ട്രീയ താല്‍പര്യം മുന്‍നിറുത്തിയുമാണ് വാര്‍ഡ് വിഭജനം നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിന്‍െറ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും തുറന്നുകാണിച്ച് ഇടതുമുന്നണിയുമായി ചേര്‍ന്ന് മത്സരിക്കുമെന്നും ബാലകൃഷ്ണപിള്ള അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.