ന്യൂഡല്‍ഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിനിടെ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി ആസ്ഥാനത്ത് ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയില്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗവുമായി അടുക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്‍െറ നീക്കം അപകടമാണെന്ന് വി.എസ്. യെച്ചൂരിയെ അറിയിച്ചതായാണ് വിവരം. പൊന്നാനിയില്‍ മഅ്ദനിയുമായി വേദി പങ്കിട്ട ദുരനുഭവത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണം. മഅ്ദനി ബന്ധം സി.പി.എമ്മിന് ദോഷംചെയ്തുവെന്ന് പാര്‍ട്ടി പിന്നീട് വിലയിരുത്തിയതാണ്. കാന്തപുരം വിഭാഗവുമായി അടുക്കുന്നത് സമാന അനുഭവമാണ് ഉണ്ടാക്കുകയെന്ന് വി.എസ്. കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇത്തരം സഖ്യനീക്കങ്ങള്‍ തടയാന്‍ കേന്ദ്രനേതൃത്വം ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.
അരുവിക്കരയിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാന്‍ കൂടുതല്‍ വിഭാഗങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കേണ്ടതുണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് സി.പി.എം നേതൃത്വവും കാന്തപുരം വിഭാഗവുമായി ആശയവിനിമയം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വി.എസ് എതിര്‍പ്പ് അറിയിച്ചത്.
സംസ്ഥാന നേതൃത്വത്തിനെതിരായ തന്‍െറ ആക്ഷേപങ്ങളും വി.എസ് ആവര്‍ത്തിച്ചു. ഇതോടൊപ്പം തന്‍െറ പ്രവര്‍ത്തന ഘടകം ഏതെന്ന് നിശ്ചയിച്ചുനല്‍കണമെന്ന ആവശ്യം വി.എസ് മുന്നോട്ടുവെച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ് മാത്രമാണ് വി.എസ്. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായക്കൂടുതല്‍മൂലം കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവായ വി.എസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആറു മാസമായി താന്‍ ഏതുഘടകത്തിലാണെന്ന് അറിയാത്ത നിലയാണെന്നാണ് പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളായ വി.എസ് യെച്ചൂരിക്ക് മുമ്പാകെ വെച്ച പരിഭവം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഭിന്നത മാറ്റിവെച്ച് മുന്നോട്ടുപോകാനുള്ള നിര്‍ദേശമാണ് യെച്ചൂരി വി.എസിന് നല്‍കിയത്. മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.