ആക്ടിങ് വി.സിയും ജീവനക്കാരും കൈകോര്‍ത്തു; കാലിക്കറ്റില്‍ പിറന്നത് ഒരുമയുടെ പൂക്കളം

തേഞ്ഞിപ്പലം: നീണ്ട ഇടവേളക്കു ശേഷം വി.സിയും ഇടത്-വലത് ജീവനക്കാരും കൈകോര്‍ത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ പൂക്കളമൊരുക്കി. വിദ്വേഷവും പകപോക്കലും മാത്രം കണ്ടുശീലിച്ച കാമ്പസിന് ഈ ഓണക്കാലം പുത്തന്‍ അനുഭവമായി. ആക്ടിങ് വി.സി ഡോ. ഖാദര്‍ മങ്ങാടിന്‍െറ നേതൃത്വത്തില്‍ നടന്ന ഓണാഘോഷമാണ് സൗഹൃദത്തിന്‍െറ പൂക്കളമായത്. ഇടത്, വലത് സംഘടനകള്‍ വെവ്വേറെ ഓണാഘോഷം നടത്തുകയാണ് സര്‍വകലാശാലയില്‍ കാലങ്ങളായി നടക്കുന്നത്. മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ കാലമത്തെിയപ്പോള്‍ ഒൗദ്യോഗിക ഓണാഘോഷ പരിപാടികളില്‍നിന്ന് ജീവനക്കാര്‍ വിട്ടുനിന്നു. മാത്രമല്ല, പട്ടിണി സമരം വരെ അരങ്ങേറുകയുമുണ്ടായി.

 ഈ സാഹചര്യത്തിലാണ് ആക്ടിങ് വി.സി സംഘടനകളെ ഓണാഘോഷത്തിന് ക്ഷണിച്ചത്. മുന്‍ വി.സിയുമായി ഉടക്കിനിന്ന എംപ്ളോയീസ് യൂനിയന്‍, സ്റ്റാഫ് ഓര്‍ഗനൈസേഷന്‍, സോളിഡാരിറ്റി യൂനിയന്‍, എംപ്ളോയീസ് ഫോറം, എംപ്ളോയീസ് സെന്‍റര്‍ എന്നീ സംഘടനകള്‍ ആക്ടിങ് വി.സിയുടെ ക്ഷണം ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഭരണകാര്യാലയത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് വി.സി ഓണസന്ദേശം കൈമാറി. കാമ്പസില്‍ പ്രശ്നപരിഹാരത്തിനായി പ്രത്യേക സമിതി രൂപവത്കരിച്ചതായി അദ്ദേഹം അറിയിച്ചു. വി.സി ചെയര്‍മാനും പ്രൊ-വി.സി വൈസ് ചെയര്‍മാനും രജിസ്ട്രാര്‍ കണ്‍വീനറുമായ സമിതിയാണ് രൂപവത്കരിച്ചത്. ഫിനാന്‍സ് ഓഫിസര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സംഘടനാപ്രതിനിധികള്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.

ഇതിനുശേഷം ഭരണകാര്യാലയത്തില്‍ പൂക്കളവും തീര്‍ത്തു. ചടങ്ങില്‍ പ്രോ-വി.സി കെ. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റിലെ ഇടത് അംഗം കെ. വിശ്വനാഥ്, ഫിനാന്‍സ് ഓഫിസര്‍ കെ. പി രാജേഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജ് കുട്ടി, വിവിധ സംഘടനാ പ്രതിനിധികളായ എസ്. സദാനന്ദന്‍ (എംപ്ളോയീസ് യൂനിയന്‍), കെ. റഫീഖ് (സ്റ്റാഫ് ഓര്‍ഗനൈസേഷന്‍), മുഹമ്മദ് ബഷീര്‍ (സോളിഡാരിറ്റി യൂനിയന്‍), ടി.ജെ. മാര്‍ട്ടിന്‍ (എംപ്ളോയീസ് ഫോറം), പി. പുരുഷോത്തമന്‍ (എംപ്ളോയീസ് സെന്‍റര്‍) എന്നിവര്‍ സംസാരിച്ചു. രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് സ്വാഗതവും ജോയന്‍റ് രജിസ്ട്രാര്‍ കെ.പി. ശശികുമാര്‍ നന്ദിയും പറഞ്ഞു. ഓണപ്പാട്ടുകളും മറ്റ് കലാരൂപങ്ങളും അവതരിപ്പിച്ചാണ് ആഘോഷം സമാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.