വിഴിഞ്ഞം തുറമുഖ കരാര്‍ നാളെ ഒപ്പുവെക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ- നടത്തിപ്പ് കരാര്‍ കേരള സര്‍ക്കാരും ഗുജറാത്ത് ആസ്ഥാനമായ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും തമ്മില്‍ നാളെ ഒപ്പുവെക്കും. വൈകിട്ട് 5.30ന് സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ സന്തോഷ് മഹാപാത്രയും തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വര്‍ഗീസുമാണ് 40 വര്‍ഷം നീണ്ട കരാറിലേര്‍പ്പെടുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. 25 വര്‍ഷമായി പ്രഖ്യാപനങ്ങളിലൂടെയും നിരവധി കടമ്പകളിലൂടെയും കടന്നു പോയ കേരളത്തിന്‍െറ സ്വപ്ന പദ്ധതിയാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്.

48 മാസത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ആദ്യ ചരക്കുകപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. 5,552 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ്. ഇതില്‍ 4,089 കോടി രൂപ പി.പി.പി ഘടകവും 1,463 കോടി രൂപ സര്‍ക്കാര്‍ ചെലവില്‍ നിര്‍മിക്കുന്ന ഫണ്ടഡ് വര്‍ക്കിന്‍െറ തുകയുമാണ്. തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ 18,000 ടി.ഇ.യു ശേഷിയുള്ള മദര്‍ വെസല്‍സ് അടുപ്പിക്കുന്നതിന് സൗകര്യം ലഭ്യമാകും. മുമ്പ് ഇത് 9,000 ടി.ഇ.യു ആയിരുന്നു. കൂടാതെ, പദ്ധതിയോട് അനുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനകരമാകുന്ന ഫിഷിങ് ഹാര്‍ബര്‍ നിര്‍മിക്കും. ക്രൂസ് ടെര്‍മിനലും ഇതോടൊപ്പം വിഭാവനം ചെയ്തിട്ടുണ്ട്.

മൊത്തം 7,525 കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കല്‍, കുടിവെള്ള വിതരണം, റെയില്‍, വൈദ്യുതി എന്നിവക്കായി 1,973 കോടി രൂപ സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കും. 15 കിലോമീറ്റര്‍ റെയില്‍പാത നിര്‍മാണത്തിനു തന്നെ 600 കോടി ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്ക്. വിഴിഞ്ഞം പദ്ധതിക്കു വേണ്ടി മൊത്തം ഭൂമിയുടെ 90 ശതമാനവും ഏറ്റെടുത്തു കഴിഞ്ഞു. ശേഷിക്കുന്ന ഭൂമി വൈകാതെ ഏറ്റെടുക്കാന്‍ കഴിയും. ബര്‍ത്തിന്‍െറ നീളം 650ല്‍ നിന്ന് 800 മീറ്ററാക്കി നവീകരിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമിട്ടത് 1991ല്‍ കെ. കരുണാകരന്‍െറ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ്. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനായിരുന്നു ഇതിന് ചുക്കാന്‍പിടിച്ചത്. എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, 1995ല്‍ പദ്ധതിക്കായി കുമാര്‍ എനര്‍ജി കോര്‍പറേഷനുമായി ധാരണപത്രം ഒപ്പിടുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുവന്ന ഇടതുമുന്നണി സര്‍ക്കാറിന് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ 2011 മുതല്‍ പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി. രണ്ടു വര്‍ഷം നീണ്ട പ്രയത്നത്തിനൊടുവിലാണ് പാരിസ്ഥിതികാനുമതി ലഭിച്ചത്. ഏതാണ്ട് നാല്‍പതോളം പബ്ളിക് കണ്‍സല്‍ട്ടേഷനുകള്‍ ഉള്‍പ്പെടുന്ന നീണ്ട പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഇത് സാധ്യമായത്. നിരവധി തവണ ടെണ്ടര്‍ വിളിച്ചെങ്കിലും പദ്ധതിയുമായി സഹകരിക്കാന്‍ വിവിധ കമ്പനികള്‍ തയാറായില്ല. തുടര്‍ന്ന് അവസാന ടെണ്ടറില്‍ പങ്കെടുത്ത അദാനി ഗ്രൂപ്പുമായി കരാറിലേര്‍പ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.