പത്തനംതിട്ട: ഇടുക്കി ജില്ലയില്‍ ഏലമലക്കാടുകളില്‍പെടുന്ന അരലക്ഷം ഏക്കറിലേറെ വനഭൂമിയിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ റവന്യൂ വകുപ്പ് ഉത്തരവ്. 2005ന് മുമ്പുള്ള കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള വിവാദ ഉത്തരവ് പിന്‍വലിക്കേണ്ടി വന്നതിന് പിന്നാലെയാണ് പുതിയ ഉത്തരവ് ഇറക്കിയത്. വിവാദ ഉത്തരവ് പിന്‍വലിച്ചതിന്‍െറ രണ്ടാം ദിവസമായ ആഗസ്റ്റ് ആറിന് പുതിയ ഉത്തരവ് ഒപ്പുവെച്ചു.
ജി.ഒ(എം.എസ്) നമ്പര്‍ 374/2015/ആര്‍.ഡി നമ്പറിലെ ഉത്തരവ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഉടുമ്പന്‍ചോല താലൂക്കിലെ ഏലമലക്കാടുകളില്‍പെടുന്ന 1977 ജനുവരി ഒന്നിന് മുമ്പുള്ള കൈവശക്കാര്‍ക്കാണ് പട്ടയം നല്‍കുകയെന്ന് ഉത്തരവില്‍ പറയുന്നു. റീസര്‍വേ ഫെയര്‍ ലാന്‍ഡ് രജിസ്റ്ററില്‍ തരിശ്, പുല്‍മേട്, റിസര്‍വ് ഫോറസ്റ്റ്, കരിങ്കാട് എന്നിങ്ങനെ രേഖപ്പെടുത്തിയതും ഏലം കൃഷി ചെയ്യാത്തതുമായ ഭൂമിക്കാണ് പട്ടയം. 2005ന് മുമ്പുള്ള കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള വിവാദ ഉത്തരവ് ഇറക്കിയത് പ്രധാനമായി പാറമടക്കാരെയും ഇടുക്കിയിലെ വന്‍കിട കൈയേറ്റക്കാരെയും സഹായിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നതിനാലാണ് പിന്‍വലിക്കേണ്ടിവന്നത്. പുതിയ ഉത്തരവനുസരിച്ച് 50349.93 ഏക്കര്‍ ഭൂമിക്കാണ് പട്ടയം നല്‍കുക. ഇത്രത്തോളം വനഭൂമി പതിച്ചുനല്‍കാന്‍ ഉത്തരവിറക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
ഏലമലക്കാടുകള്‍ കേന്ദ്രസര്‍ക്കാറിന്‍െറ 1980ലെ വനസംരക്ഷണ നിയമപരിധിയില്‍വരുന്ന ഭൂമിയാണ്. 50349.93 ഏക്കറിലേറെ വനഭൂമി റവന്യൂവകുപ്പിന് വിട്ടുകിട്ടിയിട്ടുണ്ടെന്ന ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. എന്നാലും പട്ടയം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ആവശ്യമാണ്. റീസര്‍വേ ഫെയര്‍ ലാന്‍ഡ് രജിസ്റ്ററിലെ 25ാം നമ്പര്‍ കോളത്തില്‍ പേരുള്ളതും ഏലംകൃഷി നടത്താത്തതുമായ കൈവശക്കാര്‍ക്കാണ് പട്ടയം നല്‍കുകയെന്നാണ് ഉത്തരവില്‍ പറയുന്നത്. അതീവ പരിസ്ഥിതി ലോലപ്രദേശമാണ് ഏലമലക്കാടുകള്‍. അവിടെ പട്ടയം നല്‍കുന്നത് പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കും. റിസോര്‍ട്ട്, പാറമട മാഫിയകള്‍ക്കാണ് ഉത്തരവുകൊണ്ട് പ്രയോജനം ലഭിക്കുക.
പട്ടയം നല്‍കുന്നതിനുള്ള വരുമാന പരിധി, പരമാവധി എത്ര ഏക്കറിനുവരെ പട്ടയം നല്‍കും തുടങ്ങിയവയൊന്നും ഉത്തരവില്‍ വ്യക്തമല്ല. നേരത്തേ പിന്‍വലിച്ച ഉത്തരവില്‍ ഭൂമി പതിച്ചു നല്‍കുന്നതിന് വരുമാനപരിധി ഒരുലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷമായും പതിച്ചു നല്‍കുന്ന പരമാവധി ഭൂമിയുടെ അളവ് ഒരേക്കറില്‍നിന്ന് നാല് ഏക്കറായും വര്‍ധിപ്പിച്ചിരുന്നു. പട്ടയഭൂമി 25 വര്‍ഷംവരെ കൈമാറാന്‍ പാടില്ളെന്ന വ്യവസ്ഥയും റദ്ദാക്കിയിരുന്നു. ആ ഉത്തരവ് പിന്‍വലിക്കപ്പെട്ടതിനാല്‍ പഴയ നിയമത്തിലെ വ്യവസ്ഥകളാണ് പുതിയ ഉത്തരവിന് ബാധകമാവുക.
ജൂണ്‍ 11ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഏലമലക്കാടുകള്‍ക്ക് പട്ടയം നല്‍കുന്ന പുതിയ ഉത്തരവിറക്കാന്‍ ധാരണയായത്. ഇടുക്കി ജില്ലയിലെ വനഭൂമി മുക്കാലും പതിച്ചുനല്‍കുക ലക്ഷ്യമിട്ടാണ് വിവാദ ഉത്തരവും അതിനു പിന്നാലെ പുതിയ ഉത്തരവും തയാറാക്കിയതെന്നാണ് വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.