തിരുവനന്തപുരം: സര്‍ക്കാറിന്‍െറ വികസനപദ്ധതികളുടെ കണ്‍സള്‍ട്ടന്‍സികള്‍ക്കായി ചെലവിടുന്നത് കോടികള്‍. വിഴിഞ്ഞം തുറമുഖമടക്കമുള്ള വന്‍കിടപദ്ധതികള്‍ മുതല്‍ 50ലക്ഷം രൂപയില്‍ താഴെ ചെലവുവരുന്ന പദ്ധതികള്‍ക്കുവരെ കണ്‍സള്‍ട്ടന്‍സികളെ നിയോഗിക്കുകയാണ്്. ഇതുവഴി സംസ്ഥാനത്തിന് വന്‍ സാമ്പത്തികബാധ്യതയാണുണ്ടാവുന്നത്. എട്ടുപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പണം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഇപ്പോള്‍ കണ്‍സള്‍ട്ടന്‍സിയെ തേടുകയാണ്. മൊത്തം പദ്ധതി ചെലവില്‍ കണ്‍സള്‍ട്ടന്‍സി ഫീസിനത്തില്‍തന്നെ നല്ളൊരു ശതമാനം തുക മുടക്കേണ്ടിവരുന്നു. കടമെടുത്ത് ഇവര്‍ക്ക് പണം നല്‍കുന്ന സര്‍ക്കാര്‍ പിന്നീട് കടമെടുത്തുതന്നെ അതിന് പലിശയും നല്‍കുന്നു. കണ്‍സള്‍ട്ടന്‍സികളാവട്ടെ പലപ്പോഴും പണം മുടക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെയും സ്വകാര്യകമ്പനികളുടെയും താല്‍പര്യം സംരക്ഷിക്കുന്നവരായിരിക്കും.
ആകെ പദ്ധതി തുകയുടെ നിശ്ചിത ശതമാനമാണ് കണ്‍സള്‍ട്ടന്‍സി ഫീസ്. 2007 സെപ്റ്റംബര്‍ ഏഴിന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മരാമത്ത്വകുപ്പ്വഴിയല്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളടക്കം ജോലികള്‍ ചെയ്യുമ്പോള്‍ അഞ്ചുകോടി രൂപക്ക് മുകളിലുള്ള ജോലികള്‍ക്ക് അഞ്ചുശതമാനമായിരിക്കും കണ്‍സള്‍ട്ടന്‍സി ഫീസ്. മൂന്നുമുതല്‍ അഞ്ചുകോടി വരെയുള്ള ജോലികള്‍ക്ക് ആറുശതമാനവും 50ലക്ഷം മുതല്‍ മൂന്നുകോടി വരെ ഏഴുശതമാനവും 50 ലക്ഷത്തില്‍ താഴെ എട്ടുശതമാനവുമാണ് നിരക്ക്. മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നഗരസഭകളില്‍ 1740 കോടിയുടെ പൊതു-സ്വകാര്യപങ്കാളിത്തപദ്ധതികള്‍ക്കായി നിശ്ചയിച്ച കണ്‍സള്‍ട്ടന്‍സി തുകയനുസരിച്ച് പത്ത് കോടിക്ക് മുകളിലെ പദ്ധതികളില്‍ പദ്ധതിതുകയുടെ 1.50 ശതമാനമാണ് ഫീസ്. പത്തുമുതല്‍ 50 കോടി വരെ 1.25 ശതമാനവും 50 മുതല്‍ 100 കോടി വരെ ഒരു ശതമാനവും. 100 കോടിക്ക് മുകളില്‍ ഫീസ് 0.75 ശതമാനം.
സംസ്ഥാനത്തെ എട്ടുപദ്ധതികള്‍ക്ക് പണം സംഘടിപ്പിക്കാന്‍ ധനവകുപ്പ് കണ്‍സള്‍ട്ടന്‍സിയെ തേടി ആഗോള ടെന്‍ഡര്‍ വിളിച്ചതില്‍ ഏഴോളം ടെന്‍ഡര്‍ ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം, മോണോറെയിലുകള്‍, കണ്ണൂര്‍ വിമാനത്തവളം, കൊച്ചി മെട്രോ, കൊച്ചി മെട്രോ എക്സ്റ്റെന്‍ഷന്‍, സബര്‍ബന്‍ റെയില്‍-തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ, സ്പീഡ് റോഡ് പദ്ധതികള്‍, വൈറ്റില മൊബിലിറ്റി ഹബ് രണ്ടാംഘട്ടം എന്നിവയാണ് നടപ്പാക്കേണ്ട പദ്ധതികള്‍. വന്‍ തുക ചെലവുകണക്കാക്കുന്ന ഈ പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി ഫീസ് ഇനത്തില്‍ നല്‍കേണ്ടിവരുന്നതും വന്‍ തുകയായിരിക്കും. വിദേശഏജന്‍സികളില്‍ നിന്നടക്കം കടമെടുത്ത് നടത്തുന്ന പദ്ധതികളില്‍ നിന്നാണ് കണ്‍സള്‍ട്ടന്‍സികള്‍ കൂടുതല്‍ സാമ്പത്തികനേട്ടമുണ്ടാക്കുന്നത്. ലോകബാങ്കും അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളും വികസനപദ്ധതികളില്‍ പിടിമുറുക്കിയശേഷമാണ് കണ്‍സള്‍ട്ടന്‍സി സമ്പ്രദായവും വ്യാപകമായത്. പി.പി.പി കരാറുകളും ഇതിന് ആക്കം കൂട്ടി. ധനകാര്യസ്ഥാപനങ്ങളും കമ്പനികളും കരാര്‍ വ്യവസ്ഥകള്‍ അവര്‍ക്ക് അനുകൂലമാക്കിയെടുക്കുന്നതിന് കണ്‍സള്‍ട്ടന്‍സികളെയാണ് ഉപയോഗിക്കുന്നതെന്ന് സര്‍ക്കാറിന്‍െറ ചെലവ് അവലോകന സമിതി അംഗം ഡോ. മേരി ജോര്‍ജ് പറഞ്ഞു. കണ്‍സള്‍ട്ടന്‍സികളില്‍ പലതും ഇത്തരം സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തമുള്ളവയുമാണ്. ഇവ വികസിത രാജ്യങ്ങളുടെ താല്‍പര്യമാണ് സംരക്ഷിക്കുക. പണം മുടക്കുന്നവര്‍ക്ക് അനുകൂലമായി കരാര്‍ വ്യവസ്ഥകള്‍ വരുന്നതില്‍ ഇത്തരക്കാരാണ് മുഖ്യമായും ചരടുവലിക്കുന്നത്.
സര്‍ക്കാറിനെയും ഉദ്യോഗസ്ഥരെയും സ്വാധീനിക്കാനും കണ്‍സള്‍ട്ടന്‍സികളെ ഉപയോഗിക്കുന്നു.കേരളത്തില്‍ ഭരണനവീകരണ പദ്ധതിക്കായി ലോകബാങ്കില്‍ നിന്ന് 1400 കോടിരൂപ കടമെടുത്തിരുന്നു. ഈ പണം എങ്ങനെ വിനിയോഗിച്ചുവെന്നതിന് വ്യക്തമായ തെളിവുകള്‍ കുറവാണ്. എന്നാല്‍, ഈ പദ്ധതിക്കും വന്‍തുകയാണ് കണ്‍സള്‍ട്ടന്‍സി കൊണ്ടുപോയത്. എസ്.എന്‍.സി ലാവലിന്‍ അഴിമതിയും കണ്‍സള്‍ട്ടന്‍സി ഇടപാടില്‍നിന്ന് തുടങ്ങിയതാണ്. തിരുവനന്തപുരം ടൈറ്റാനിയം അഴിമതിയിലും പ്രധാന വില്ലന്‍ കണ്‍സള്‍ട്ടന്‍സിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.