മദ്യനയം; വാദത്തിനിടെ ബാറുടമകള്‍ക്കിടയില്‍ ഭിന്നത

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം ചോദ്യം ചെയ്ത ബാറുടമകള്‍, കേസിന്‍െറ രണ്ടാം ദിവസം ചേരിതിരിഞ്ഞു. ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി തങ്ങളുടെ കാര്യം വേറത്തെന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇത് ടൂ, ത്രീ സ്റ്റാര്‍ ബാറുടമകളെ ചൊടിപ്പിച്ചിരിക്കുകയാണ്. മദ്യവില്‍പന കുറച്ചുകൊണ്ടുവരിക എന്നത് സംസ്ഥാന സര്‍ക്കാറിന്‍െറ നയമാണെന്ന നിലപാടില്‍ സുപ്രീംകോടതി ഇന്നും ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് അസോസിയേഷനോടൊപ്പം എത്തിയ ഫോര്‍സ്റ്റാര്‍ ബാറുടമകള്‍ തങ്ങളുടെ സ്വന്തം കാര്യം വേറെ പരിഗണിക്കണെമെന്ന് ആവശ്യപ്പെട്ടത്.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കൊപ്പമുള്ള പരിഗണനക്ക് തങ്ങള്‍ അര്‍ഹരാണെന്നും അതിനാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുകയാണെങ്കില്‍ തങ്ങള്‍ക്കും ബാര്‍ അനുവദിക്കണമെന്നാണ് മുകുള്‍ റോഹ്തഗി ഉന്നയിച്ച വാദം.

ബാറുടമകള്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ (എ.ജി) മുകുള്‍ റോഹ്തഗിക്ക് കോടതിയില്‍ ഹാജരാകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാജരാകുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറലിനെ വിലക്കാനാകില്ല. അറ്റോര്‍ണി ജനറലിനെ നിയമിച്ചത് സുപ്രീംകോടതിയല്ല, കേന്ദ്ര സര്‍ക്കാറാണ്. ചട്ടലംഘനമുണ്ടായാല്‍ കേന്ദ്ര ഗവണ്‍മെന്‍റാണ് നടപടിയെടുക്കേണ്ടത്. അറ്റോര്‍ണി ജനറലിനെ ഹാജരാകുന്നതില്‍ നിന്ന് വിലക്കണമെന്ന ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ ആവശ്യം കോടതി തള്ളി.

ബാറുടമകള്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകര്‍ എതിര്‍ത്തില്ല. ബാര്‍ കേസില്‍ എ.ജി ഹാജരാകുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

അതേസമയം, കേരള സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ വിവേചനമുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവേചനമുണ്ടായെങ്കില്‍ ഫൈവ് സ്റ്റാര്‍ ബാറുകളുടെയും ലൈസന്‍സ് റദ്ദാക്കണം. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്തത് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.