വിദ്യാഭ്യാസവായ്പ തിരിച്ചടവ് റിലയന്‍സിന്; ഇടപെടാനാകില്ളെന്ന് ബാങ്കിങ് ഓംബുഡ്സ്മാന്‍


ബാങ്കുകള്‍ക്കെതിരായ പരാതികള്‍ വര്‍ധിച്ചു
തിരുവനന്തപുരം: കുടിശ്ശിക വന്ന വിദ്യാഭ്യാസവായ്പ തിരിച്ചുപിടിക്കല്‍ റിലയന്‍സിനെ ഏല്‍പിച്ച എസ്.ബി.ടിയുടെ നടപടിയില്‍ ഇടപെടാനാകില്ളെന്ന് റിസര്‍വ് ബാങ്കിന്‍െറ ബാങ്കിങ് ഓംബുഡ്സ്മാന്‍ ഉമാശങ്കര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍. ഗോപീകൃഷ്ണന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
ഈ വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച അവര്‍ നയപരമായ കാര്യമായതിനാല്‍ ഇടപെടാന്‍ കഴിയില്ളെന്നും വ്യക്തമാക്കി.
ഓംബുഡ്സ്മാന്‍ ഓഫിസിന്‍െറ പ്രവര്‍ത്തനറിപ്പോര്‍ട്ട് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. നിശ്ചിത തവണയിലധികം എ.ടി.എം. ഉപയോഗിക്കുന്നതിന് ഫീസ് ഈടാക്കുന്ന ബാങ്കുകളുടെ നടപടിയിലും ഓംബുഡ്സ്മാന് ഇടപെടാനാകില്ല.
ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകളില്‍ ജനം ജാഗ്രത പാലിക്കണമെന്ന് ഓംബുഡ്സ്മാന്‍ നിര്‍ദേശിച്ചു.
ലോട്ടറി അടിച്ചുഎന്ന ഇ-മെയില്‍ നല്‍കി പണംതട്ടുന്ന പരാതികള്‍ വന്നിട്ടുണ്ട്. പണം നല്‍കിയ ശേഷമാണ് പലരും പരാതിയുമായി വരുന്നത്.
ബാങ്കുകളുടെ ലോഗോ ഉപയോഗിച്ചുവരെ തട്ടിപ്പിന് ശ്രമമുണ്ട്. എ.ടി.എം കാര്‍ഡുകള്‍ ഉടമ തന്നെ ഉപയോഗിക്കണം. പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുകയും പണം കിട്ടാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ നിശ്ചിതസമയത്തിനകം ബാങ്കുകള്‍ക്ക് പരാതി നല്‍കണം. കള്ളനോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നത് ഓംബുഡ്സ്മാന്‍െറ അന്വേഷണത്തില്‍ വരുന്നതല്ല.
നോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള യന്ത്രം സ്ഥാപിക്കണമെന്ന നിര്‍ദേശം ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുണ്ട്. വായ്പ അനുവദിക്കാത്തത് ഓംബുഡ്സ്മാന്‍െറ പരിധിയില്‍ വരില്ല.വായ്പ സംബന്ധിച്ച ധാരണകളെക്കുറിച്ച് ഇടപാടുകാര്‍ അറിഞ്ഞിരിക്കണം. ലോണ്‍ പേപ്പര്‍ അവര്‍ക്ക് ബാങ്കുകള്‍ നല്‍കണം.
2014-15ല്‍ 3024 പരാതികളാണ് ഓംബുഡ്സ്മാന് ലഭിച്ചത്. പരാതികളില്‍ 42.8 ശതമാനവും എസ്.ബി.ഐ ഗ്രൂപ്പിനെ കുറിച്ചാണ്. 26.4 ശതമാനം സ്വകാര്യബാങ്കിനെക്കുറിച്ചും 23.5 ശതമാനം ദേശസാത്കൃത ബാങ്കുകളെ കുറിച്ചുമാണ്. പരാതികളില്‍ ഭൂരിഭാഗവും എസ്.ബി.ടിക്കെതിരെയാണ്(673). എസ്.ബി.ഐക്കെതിരെ 542ഉം കനറാബാങ്കിനെതിരെ 201ഉം ഫെഡറല്‍ ബാങ്കിനെതിരെ 197ഉം പരാതികള്‍ വന്നു. മലപ്പുറം, വയനാട് ജില്ലകളില്‍ നിന്ന് പരാതികള്‍ വര്‍ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസവായ്പയെക്കുറിച്ച് 327 പരാതികള്‍ വന്നു.
 പരാതികള്‍ വെള്ളക്കടലാസില്‍ ഇംഗ്ളീഷിലോ മലയാളത്തിലോ എഴുതി തിരുവനന്തപുരം റിസര്‍വ് ബാങ്കിലെ ഓംബുഡ്സ്മാന്‍െറ ഓഫിസിലേക്ക് അയക്കാം.റിസര്‍വ് ബാങ്കിന്‍െറ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴിയും പരാതി നല്‍കാം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.