മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് സി.എസ്.ഐ ബിഷപ്പ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് സി.എസ്.ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം. കേരള നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നതില്‍ സഭക്ക് ആശങ്കയോ ബുദ്ധിമുട്ടോ ഇല്ലെന്നും പ്രസ്ക്ളബ് സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്നാണ് സഭയുടെ നിലപാട്. പക്ഷെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. അത് അദ്ദേഹം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷ. കേരള നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ ഒരു ബുദ്ധിമുട്ടും ആശങ്കയും സഭക്കില്ല. ജനാധിപത്യ രീതിയില്‍ അവര്‍ വരുന്നതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭാവിശ്വാസികള്‍ക്ക് അവരവരുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുന്നതിന് അവകാശമുണ്ട്. സഭക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അരുവിക്കര ഉപതെരെഞ്ഞെടുപ്പില്‍ എസ്.ഐ.യു.സി സ്ഥാനാര്‍ഥി മല്‍സരിക്കുന്നുവെന്ന് പ്രചാരണം ഉണ്ടായപ്പോഴാണ് അങ്ങനെയില്ലെന്ന് വ്യക്തമാക്കി സഭക്ക് പ്രസ്താവന ഇറക്കേണ്ടിവന്നത്. അവിടെ ഏതെങ്കിലും സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് സഭ നിര്‍ദ്ദേശിച്ചിരുന്നില്ല. ഒരിക്കലും സഭ അപ്രകാരം ചെയ്യാറുമില്ലെന്നും ബിഷപ്പ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.