ഭരണകേന്ദ്രങ്ങളെ സ്തംഭിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഉപരോധം

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഉടന്‍ ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഭൂരഹിതര്‍ കലക്ടറേറ്റുകള്‍ സ്തംഭിപ്പിച്ചു. ആയിരക്കണക്കിന് ഭൂരഹിതര്‍ രാവിലെ എട്ട് മുതല്‍ കലക്ടറേറ്റുകളുടെ എല്ലാ കവാടവും ഉപരോധിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ കനത്ത മഴയെ അവഗണിച്ച് എല്ലാ കവാടവും സമരക്കാര്‍ ഉപരോധിച്ചു. കണ്ണൂര്‍, വയനാട്, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ സമരക്കാരെ പൊലീസ് അറസ്റ്റ്ചെയ്ത് നീക്കി. കണ്ണൂരില്‍ അറസ്റ്റിനിടെ ജില്ലാ പ്രസിഡന്‍റ് ജോസഫ് ജോണിനും പ്രവര്‍ത്തകര്‍ക്കും നേരെ ബലപ്രയോഗം നടത്തിയത് നേരിയ സംഘര്‍ഷം സൃഷ്ടിച്ചു. മറ്റിടങ്ങളില്‍ ഉച്ചയോടെ ഉപരോധം അവസാനിച്ചു.

കലക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ കടത്തിവിടാതെയുള്ള സമരം എല്ലായിടത്തും സമാധാനപരമായിരുന്നു. അറസ്റ്റുണ്ടായ കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം എറണാകുളത്തും ജനറല്‍ സെക്രട്ടറിമാരായ തെന്നിലാപുരം രാധാകൃഷ്ണന്‍ തൃശൂരും പി.എ. ഹക്കീം കോഴിക്കോട്ടും സമരം ഉദ്ഘാടനം ചെയ്തു. കാസര്‍കോട്ട് സംസ്ഥാന സെക്രട്ടറി ശശി പന്തളം, കണ്ണൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി, വയനാട് സംസ്ഥാന ട്രഷറര്‍ പ്രഫ. പി. ഇസ്മായില്‍, പാലക്കാട്ട് സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, ആലപ്പുഴയില്‍ സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീഖ്, കൊല്ലത്ത് സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, തിരുവനന്തപുരത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ എന്നിവരും ഉദ്ഘാടനം ചെയ്തു. ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനു, ഗാന്ധിഭവന്‍ സെക്രട്ടറി ജഗദീഷന്‍, ആക്ടിവിസ്റ്റ് ധന്യാരാമന്‍ എന്നിവര്‍ തിരുവനന്തപുരത്ത് സമരത്തെ അഭിവാദ്യം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.