പ്രമുഖരുടെ പുനർജനിയാൽ സമൃദ്ധം ഉണ്ണിയുടെ വീട്ടുമുറ്റം

പയ്യന്നൂർ: സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി ഓഫിസ് പുതിയ കെട്ടിടത്തിൻ്റെ മുന്നിലേക്ക് ഇ.എം.എസ് ശിൽപം.പാലക്കാട്ടേക്കാണ് ഗായകൻ എസ്.പി.ബിയുടെ ശിൽപം പൂർത്തിയായത്. കണ്ണൂരിലേക്ക് വേണ്ടി തൊഴിലാളി നേതാവ് സി.കണ്ണൻ്റെ ശിൽപവുമുണ്ട്. ശിൽപി ഉണ്ണി കാനായിയുടെ വീട്ടുമുറ്റമാണ് ഇന്ത്യ കണ്ട പ്രമുഖരുടെ പുനർജനി കൊണ്ട് സമൃദ്ധമായത്.

കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് പ്രയാണമാരംഭിച്ച ഇ.എം.എസ് ശിൽപത്തിന് പതിനൊന്നര അടി ഉയരമുണ്ട്. ആറു മാസം സമയമെടുത്ത് നിർമിച്ച ശിൽപം ചിരിച്ച് കൈയ്യിൽ വാച്ചും കെട്ടി കീശയിൽ പേനയും കുത്തി മുണ്ടും ഷർട്ടും ധരിച്ച് മുന്നോട്ട് നടക്കുന്ന രീതിയിലുള്ളതാണ്. ഗ്ലാസ് മെറ്റലിൽ രൂപകൽപന ചെയ്ത ഈ പ്രതിമ ഏറെ മനോഹരമാണ്.   

വിശ്വഗായകൻ ബാല സുബ്രമണ്യത്തിൻ്റെ ശിൽപം പാലക്കാടായിരിക്കും സ്ഥാപിക്കുക. കേരളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ സമം കൂട്ടായ്മക്കു വേണ്ടി നിർമിച്ചതാണ് 10 അടി ഉയരമുള്ള ഈ ശിൽപം. ഗ്ലാസ് മെറ്റലിൽ തന്നെയാണ് നിർമാണം. ഈ മാസം 31ന് പാലക്കാട് വി. ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയത്തിന് മുന്നിൽ പ്രശസ്‌ത സംഗീതഞ്ജൻ കീരവാണി അനാച്ഛാദനം ചെയ്യും.

നിർമാണവേളയിൽ അറിയപ്പെടുന്ന ഗായകർ ഉണ്ണിയുടെ പണിപ്പുരയിലെത്തി പ്രതിമ കാണുകയും തൊട്ടടുത്ത വണ്ണാത്തിപ്പുഴയുടെ കരയിലെത്തി വണ്ണാത്തിപ്പുഴയുടെ തീരത്ത് എന്ന കൈതപ്രത്തിൻ്റെ പാട്ടു പാടുകയും ചെയ്തിരുന്നു.

കണ്ണൂരിൻ്റെ തൊഴിലാളി നേതാവ് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു സി.കണ്ണൻ. തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ മുതിർന്ന ജനകീയ നേതാവ് അദ്ദേഹത്തിൻ്റെ കർമ്മ മണ്ഡലമായ കണ്ണൂരിൽ പുനർജനിക്കുകയാണ് ഉണ്ണിയുടെ കരവിരുതിൽ. മുഖ്യമന്ത്രി പിണറായി വിജയൻ 22 ന് വൈകീട്ട് ശിൽപം നാടിന് സമർപ്പിക്കും.10 അടി ഉയർത്തിൽ നിർമിച്ച ഈ ശിൽപസൗന്ദര്യവും മെറ്റൽ ഗ്ലാസിലാണ് നിർമിച്ചത്. കൈ ചൂണ്ടി പ്രസംഗിക്കുന്ന രീതിയിലാണ് ശിൽപം രൂപകൽപന ചെയ്തത്.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ശിൽപനിർമാണത്തിന് നിർദ്ദേശങ്ങൾ നൽകാൻ പണിപ്പുരയിലെത്തിയിരുന്നു.

Tags:    
News Summary - Sculptor Unni Kanayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-20 01:20 GMT