പിണറായി വിജയൻ
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുമ്പോൾ, വിഷയത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി മനസ്സ് തുറന്നത്. വെള്ളാപ്പള്ളി നടേശൻ തന്നെ പ്രസ്താവനക്ക് വിശദീകരണം നൽകിയ സാഹചര്യത്തിൽ, താൻ കൂടുതൽ ഒന്നും പറയേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലിം സമുദായത്തിന് എതിരായല്ല, മറിച്ച് മുസ്ലിം ലീഗിന് എതിരെയാണ് താൻ സംസാരിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ പറയുന്ന കാര്യങ്ങളെ ഒരു സമുദായത്തിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് തന്നെ അതിന്‍റെ വിശദീകരണം വന്നല്ലോ. മുസ്ലിമിന് എതിരായിട്ട് അല്ല പറഞ്ഞത്. ലീഗിനെതിരെയാണ് പറഞ്ഞത് എന്ന് അദ്ദേഹം കൃത്യമായി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് ലീഗിനെതിരെ പറയുന്ന ഒരു കാര്യത്തിൽ അത് മുസ്ലിമിന് എതിരാണെന്ന് വ്യാഖ്യാനിച്ച് ഞാൻ പറയേണ്ട കാര്യമില്ലല്ലോ. നമ്മുടെ നാട്ടിൽ വിവിധ ആളുകൾ വിവിധ തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കാറുണ്ട്. എല്ലാ പ്രസ്താവനയുടേയും കാര്യത്തിൽ നമ്മൾ പ്രതികരിക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ എസ്.എൻ.ഡി.പി എന്നത് നമ്മുടെ നാടിന്‍റെ പ്രധാനപ്പെട്ട സംഘടനയാണല്ലോ. സാധാരണ നിലയിൽ അവരുടെ ഭാഗത്ത് നിന്ന് ഒരു വർഗീയ നിലപാട് വരുക എന്നത് കേരളം പ്രതീക്ഷിക്കുന്ന ഒരു കാര്യമല്ല. അക്കാര്യത്തിൽ വിശദീകരണം നടത്തേണ്ടത് അവർ തന്നെയാണ് എന്നാണ് പിണറായി അഭിമുഖത്തിൽ പറഞ്ഞത്.
കേരളത്തിലെ ജനസംഖ്യയിൽ ഭൂരിപക്ഷ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും, ന്യൂനപക്ഷ സമുദായങ്ങൾ എല്ലാ മേഖലകളും കൈയടക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടികൾ സമുദായത്തിന്റെ പേരിൽ അമിതമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നുവെന്നും, ഇത് മറ്റ് സമുദായങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ചില പ്രസ്താവനകൾ കേരളത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണെന്നും, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ചിലരുടെ നിലപാടുകൾ വർഗീയത വളർത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.