ജലവിമാനം: മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ ചര്‍ച്ച

തിരുവനന്തപുരം: ജലവിമാന പദ്ധതി മത്സ്യമേഖലയെ ഏതുതരത്തില്‍ ബാധിക്കുമെന്ന് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയും മത്സ്യത്തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റിയും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം. പദ്ധതി ആരംഭിക്കുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശങ്ക പരിഹരിക്കാനാണിത്. മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ചര്‍ച്ചക്ക് വഴിയൊരുങ്ങിയത്. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി മത്സ്യത്തൊഴിലാളികളുമായി സംസാരിക്കുകയോ വിവരം ശേഖരിക്കുകയോ ചെയ്തില്ളെന്ന് ചര്‍ച്ചയില്‍ ആരോപണമുയര്‍ന്നു. തുടര്‍ന്നാണ് ചര്‍ച്ചക്ക് ധാരണയായത്. എന്നാല്‍, ഓണത്തിനുശേഷമായിരിക്കും ചര്‍ച്ച. ഇതോടെ ഓണത്തിന് ജലവിമാനം പറക്കില്ളെന്ന് ഏതാണ്ട് ഉറപ്പായി.
ചര്‍ച്ചയില്‍ രൂപപ്പെടുന്ന ധാരണ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായാലേ ജലവിമാനത്തിന് പച്ചക്കൊടി ലഭിക്കൂ. ഇതിന് മുന്നോടിയായി കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തില്‍ ജലവിമാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കും.
 മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമായ രീതിയില്‍ ജലവിമാനം പ്രയോജനപ്പെടുത്തണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യമുയര്‍ന്നു. എയര്‍ ആംബുലന്‍സ് സ്വഭാവത്തില്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്ന കാര്യം ആലോചിക്കണം. ീഏമൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ അനുവദിക്കുമെന്ന പ്രഖ്യാപനം നടപ്പാവാത്ത സാഹചര്യത്തിലാണ് പുതിയ ആവശ്യം ഉന്നയിക്കപ്പെട്ടത്. ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കി. മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പദ്ധതി നടപ്പാക്കില്ളെന്ന് മന്ത്രി ബാബുവും പദ്ധതി അടിച്ചേല്‍പിക്കില്ളെന്ന് മന്ത്രി അനില്‍കുമാറും വ്യക്തമാക്കി.  കേജ് ഫാമിങ് പോലെയുള്ള മീന്‍വളര്‍ത്തല്‍ സഹായ പദ്ധതികള്‍ അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അഷ്ടമുടിക്കായലിലും ആലപ്പുഴ വട്ടക്കായലിലുമാണ് ജലവിമാന പദ്ധതി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടൂറിസം ഡയറക്ടര്‍ ഷെയ്ഖ് പരീത്, കെ.ടി.എം.എല്‍ എം.ഡി അനില്‍കുമാര്‍, വി.വി. ശശീന്ദ്രന്‍ (സി.ഐ.ടി.യു), ടി. പീറ്റര്‍ (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ), ഉമ്മര്‍ ഒട്ടുമ്മല്‍ (എസ്.ടി.യു), ഫ്രാന്‍സിസ് ജോണ്‍ (യു.ടി.യു.സി), ചാള്‍സ് ജോര്‍ജ് (മത്സ്യത്തൊഴിലാളി ഐക്യവേദി), രജനീഷ് ബാബു (മത്സ്യപ്രവര്‍ത്തക സംഘം) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.