കോഴിക്കോട്: എന്‍.സി.സി വെടിവെപ്പ് പരിശീലനത്തിനിടെ പ്ളസ് ടു വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ മിലിട്ടറി ബാരക്സില്‍ പരിശീലനത്തിനത്തെിയ കൊല്ലം പത്തനാപുരം മാലൂര്‍ മാര്‍ത്തോമ ദിവന്നാസിയോസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥി ധനുഷ് കൃഷ്ണയാണ് (18) ചൊവ്വാഴ്ച ഉച്ചക്ക് 1.40ഓടെ ഫയറിങ് റെയ്ഞ്ചിന് സമീപം ദാരുണമായി കൊല്ലപ്പെട്ടത്. പോയന്‍റ് 22 റൈഫ്ളില്‍നിന്ന് അബദ്ധത്തില്‍ വെടി ഉതിര്‍ന്നതാണെന്നാണ് എന്‍.സി.സി ഉദ്യോഗസ്ഥരുടെ ഭാഷ്യം. നെഞ്ചില്‍ വലതുഭാഗത്ത് ഒരിഞ്ച് ആഴത്തില്‍ വെടിയേറ്റ പാടും തലക്കുപിന്നില്‍ പരിക്കുമുണ്ട്. ഉച്ചക്ക് രണ്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചെങ്കിലും രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് എന്‍.സി.സി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചത്. മാലൂര്‍ ശ്രീഹരി വീട്ടില്‍ പരേതനായ രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍െറയും പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തംഗം രമാദേവിയുടെയും മകനാണ് ധനുഷ്. ഏക സഹോദരി അപര്‍ണ.
വിവരമറിഞ്ഞത്തെിയ സിറ്റി പൊലീസ് കമീഷണറെയും ആര്‍.ഡി.ഒയെയുമടക്കം തടഞ്ഞുവെച്ച സൈനികര്‍ മാധ്യമപ്രവര്‍ത്തകരെയും ഉള്ളില്‍ പ്രവേശിപ്പിച്ചില്ല. കര്‍ശന പരിശോധനക്കുശേഷം ബാരക്സില്‍ പ്രവേശിച്ച സിറ്റി പൊലീസ് കമീഷണറോടും മൊഴിയെടുക്കാനത്തെിയ പൊലീസിനോടും രണ്ടുവിധത്തിലാണ് ബാരക്സ് മേധാവികള്‍ വിശദീകരണം നല്‍കിയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോയി ഒറ്റക്ക് തിരിച്ചത്തെിയ ധനുഷ് നിലത്തിരുന്ന് റൈഫ്ള്‍ പരിശോധിക്കുന്നതിനിടെ വെടിശബ്ദം കേട്ടതായും ധനുഷ് വീണു കിടക്കുന്നത് കണ്ടെന്നുമാണ് സിറ്റി പൊലീസ് കമീഷണറോട് പറഞ്ഞത്. അഞ്ച് ബുള്ളറ്റുകള്‍ നല്‍കിയതില്‍ ധനുഷിന്‍െറ ഒരു ബുള്ളറ്റ് കാണാതായതായി എന്‍.സി.സി ഡെ. കമാന്‍ഡര്‍ കേണല്‍ നന്ദകുമാര്‍ പറഞ്ഞു.
കമീഷണറും ഡെ. കമീഷണര്‍ ഡി. സാലിയും ധനുഷിന്‍െറ മൃതദേഹം കിടന്ന സ്ഥലം പരിശോധിച്ചു. നീളമുള്ള റൈഫ്ളില്‍നിന്ന് സ്വയം വെടിവെക്കണമെങ്കില്‍ കാലുകൊണ്ട് ട്രിഗര്‍ വലിക്കണമെന്നും അതിനുള്ള സാധ്യത കുറവാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നോര്‍ത് അസി. കമീഷണര്‍ ജോസി ചെറിയാനാണ് അന്വേഷണ ചുമതല. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ എത്തിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനയക്കും.പരിശീലനത്തിനിടെ കഴിഞ്ഞ വര്‍ഷം കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ കല്ലിക്കണ്ടി എന്‍.എ.എം കോളജിലെ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥി വടകര കുരുക്കിലാട്ട് മംഗലശ്ശേരി അനസ് (19) സഹ കാഡറ്റിന്‍െറ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റതിനെ തുടര്‍ന്ന് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.