തിരുവനന്തപുരം: ഇടുക്കിയില്‍ 70000 ഏക്കര്‍ (28000 ഹെക്ടര്‍) വനഭൂമി വിതരണം ചെയ്യാന്‍ കേന്ദ്രാനുമതിയുണ്ടെന്ന മന്ത്രി കെ.എം. മാണിയുടെ പ്രസ്താവന ദുരൂഹമാണെന്ന് വനാവകാശ നിയമവിദഗ്ധര്‍. മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ വ്യാഴാഴ്ച റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവില്‍ ഇടുക്കിയില്‍ 52210 ഏക്കര്‍ (20884 ഹെക്ടര്‍) വനഭൂമി വിതരണം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. റവന്യൂ ഭൂമിക്ക് പട്ടയം നല്‍കാന്‍ മാത്രമേ നിലവില്‍ നിയമമുള്ളൂ. അതേസമയം, വനഭൂമി കൈമാറുന്നത് വനസംരക്ഷണനിയമം -1980 അനുസരിച്ചാണ്. വനഭൂമിക്കുമേല്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരവുമില്ല. വനഭൂമി വനേതര ആവശ്യത്തിന് ഉപയോഗിക്കണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍േറതുള്‍പ്പെടെ അനുമതിയും ആവശ്യമാണ്.
മന്ത്രാലയത്തിന്‍െറയും കേന്ദ്ര സര്‍ക്കാറിന്‍െറയും അനുമതി ലഭിച്ചാല്‍ ഇതിനായി സുപ്രീംകോടതിയെ സമീപിക്കാം. സുപ്രീകോടതി ഉന്നതാധികാരസമിതി സ്ഥലപരിശോധന ഉള്‍പ്പെടെ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അത് ശരിവെച്ചാല്‍ വനവത്കരണ ഫണ്ടിലേക്കുള്ള തുക (നെറ്റ് പ്രസന്‍റ് വാല്യു -എന്‍.പി.വി) അക്കൗണ്ടില്‍ അടയ്ക്കണം. ഇത്രയും നടപടിക്രമങ്ങളിലൂടെ കടന്നുപോയശേഷമാണ് സംസ്ഥാനത്ത് ആദിവാസികള്‍ക്ക് നല്‍കാന്‍ 19000 ഏക്കര്‍ വനഭൂമി അനുവദിച്ചത്. ഏക്കറിന് മൂന്ന് ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് എന്‍.പി.വി അടയ്ക്കേണ്ടത്. വിട്ടുകൊടുക്കുന്ന വനഭൂമിക്ക് പകരം ഇരട്ടി ഭൂമിയില്‍ വനംവെച്ചുപിടിപ്പിക്കാനാണ് ഈ തുക.
വനഭൂമിക്ക് തുല്യമായത്ര റവന്യൂ ഭൂമി സംരക്ഷിതവനമായി പ്രഖ്യാപിക്കണമെന്നാണ് മറ്റൊരു വ്യവസ്ഥ. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ, സംസ്ഥാനത്തെ ആദിവാസികള്‍ക്ക് എന്‍.പി.വി ഒഴിവാക്കുന്നതിന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2011ല്‍ ഇതിന് അംഗീകാരം ലഭിച്ചു. ഭൂരഹിതരായ ആദിവാസകള്‍ക്ക് ഭൂമി നല്‍കാന്‍ മാത്രമാണ് ഇളവ് നല്‍കുന്നതെന്നും മറ്റൊരാവശ്യത്തിന് ഉപയോഗിക്കരുതെന്നുമുള്ള വ്യവസ്ഥയോടെയായിരുന്നു ഇത്. കോടതി അനുമതി നല്‍കിയിട്ടുപോലും ആദിവാസികള്‍ക്ക് വളരെ കുറച്ച് ഭൂമി മാത്രമാണ് വനവകുപ്പ് ഇതുവരെയും വിട്ടുനല്‍കിയുള്ളൂ. വനാവകാശനിയമം അനുസരിച്ച് ആദിവാസികള്‍ക്ക് ലഭിക്കേണ്ട വനഭൂമി വിതരണവും മന്ദഗതിയിലാണ്. ദേശീയതലത്തില്‍ ഈ വര്‍ഷം നടത്തിയ കണക്കെടുപ്പില്‍ 1.2 ശതമാനം വനഭൂമി മാത്രമാണ് ആദിവാസികള്‍ക്ക് വിതരണം ചെയ്തത്.
സംസ്ഥാനത്ത് ആദിവാസികള്‍ക്ക് വനഭൂമി വിതരണം ചെയ്തിനെ സംബന്ധിച്ച് ചര്‍ച്ചനടത്തുന്നതിനും തുടര്‍നിര്‍ദേശം നല്‍കുന്നതിനുമായി ഈ മാസം നാലിന് കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പോലും ഇടുക്കിയിലെ വനഭൂമി വിതരണത്തിന് അനുമതി ലഭിച്ചത് ചര്‍ച്ചയായിരുന്നില്ല. മാത്രമല്ല, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വനേതര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ വനഭൂമിയുടെ കണക്കും ലഭ്യമാണ്. അതിലും ഇടുക്കിയിലെ 28000 ഹെക്ടര്‍ വനഭൂമി പരാമര്‍ശിക്കപ്പെടുന്നില്ല. വനാവകാശനിയമം നടപ്പാക്കുന്നതിനുവേണ്ടി ദേശീയതലത്തിലും സംസ്ഥാനതലത്തിലും പ്രവര്‍ത്തിക്കുന്നവര്‍ മന്ത്രി ചൂണ്ടിക്കാണിച്ച കേന്ദ്രാനുമതിയെ മുഖവിലയ്ക്കെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.